Advertisment

കോൺഗ്രസ് വിട്ട ബാബ സിദ്ദിഖി എൻസിപിയിലേക്ക്; നാളെ അംഗത്വം സ്വീകരിക്കുമെന്ന് അജിത് പവാർ

New Update
sidiqi

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ട മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് സൂചന. സിദ്ദിഖി നാളെ എൻസിപിയിൽ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അവകാശപ്പെട്ടു. ഞായറാഴ്ച മറ്റ് പല നേതാക്കളും എൻസിപിയിൽ ചേരുമെന്നും പവാർ പറഞ്ഞു.

Advertisment

48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാബ സിദ്ദിഖി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പറയാൻ ഏറെയുണ്ടെങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് ഉചിതമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ പ്രതികരണം.

“ഫെബ്രുവരി 10ന് വൈകുന്നേരം ബാബ സിദ്ദിഖ് എൻസിപിയിൽ ചേരും. ഫെബ്രുവരി 11 ന് കൂടുതൽ ചിലർ പാർട്ടിയിൽ അംഗമാകും”-മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉപമുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രാജിക്ക് പിന്നാലെ മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഏകനാഥ് ഗെയ്‌ക്‌വാദ് സിദ്ദിഖിനെതിരെ ആഞ്ഞടിച്ചു. സിദ്ദിഖിൻ്റെ രാജി കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു വർഷയുടെ പ്രതികരണം.

“വസ്ത്രം മാറുന്നതുപോലെയാണ് ചിലർ പാർട്ടി മാറുന്നത്. സ്വാർത്ഥതാൽപര്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിൻ്റെ രാജി. പാർട്ടി ആശയങ്ങളിൽ പെടാത്തവരെ കുറിച്ച് എന്ത് പറയാനാണ്? ഇന്ന് കോൺഗ്രസിന് ഏറ്റവും ആവശ്യമുള്ളപ്പോൾ അദ്ദേഹം പാർട്ടി വിട്ടു. കോൺഗ്രസിൽ ആളുകൾ വന്നു പോയിക്കൊണ്ടിരിക്കും.

ഞങ്ങളുടെ പാർട്ടി ഒരു ആശയമാണ്, ആ ആശയത്തിന് മരണമില്ല. വരും ദിവസങ്ങളിൽ കോൺഗ്രസ് കൂടുതൽ ശക്തമായി പ്രവർത്തിക്കും”- വർഷ പറഞ്ഞു.

Advertisment