ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ പശുമിലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അഗ്‌നിശമന വകുപ്പിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു.
രണ്ട് ദിവസം മുമ്പ് ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കമ്പനി മാനേജ്‌മെന്റിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ ഇരയായ ഒരാളുടെ ബന്ധുവിന്റെ പരാതിയിലാണ് നടപടി.
സ്‌ഫോടനശേഷമുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയാകുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും 13 തൊഴിലാളികള്‍ ഇപ്പോഴും കാണാതായിരിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് അറിയിച്ചു.
സംഭവ സ്ഥലത്ത് എസ്ഡിആര്‍എഫ്, ഹൈഡ്ര (ഹൈദരാബാദ് ദുരന്ത പ്രതികരണ ഏജന്‍സി) എന്നിവയുടെ ടീമുകള്‍ സജ്ജമാണ്.
ഫാക്ടറിയില്‍ ഫയര്‍ അലാറങ്ങള്‍, ചൂട് സെന്‍സറുകള്‍ തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് തെലങ്കാന അഗ്‌നിശമന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്‍ഒസി ഇല്ലാതെ കമ്പനി പ്രവര്‍ത്തിച്ചിരുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ സാങ്കേതിക കാരണങ്ങള്‍ വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്.