സീതാമര്‍ഹി: ബിഹാറിലെ സീതാമര്‍ഹിയിൽ ചോക്ലേറ്റ് മോഷ്ടിച്ചതിന് അഞ്ച് ആൺകുട്ടികളെ നഗ്നരായി നടത്തിച്ചു. കുട്ടികളുടെ കഴുത്തിൽ ചെരുപ്പ് മാല അണിയിച്ചാണ് തെരുവിലൂടെ നടത്തിച്ചത്. സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം.
കടയുടമ ഇത് ക്യാമറയിൽ പകര്‍ത്തുകയും കുട്ടികളുടെയും അവരുടെ പിതാക്കൻമാരുടെയും പേരുകൾ പറയാൻ നിര്‍ബന്ധിക്കുകയും ചെയ്തു. ക്യാമറയിലേക്ക് നോക്കൂ എന്ന് പറഞ്ഞുകൊണ്ട് കുട്ടികളുടെ തലയിൽ അടിക്കുകയും ചെയ്തു.
അപമാനിതരായ കുട്ടികളെ ചുറ്റും കൂടി നിന്ന് കളിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ചോക്ലേറ്റ് മാത്രമേ തങ്ങൾ എടുത്തിട്ടുള്ളുവെന്ന് കുട്ടികളിലൊരാൾ പറയുന്നുണ്ട്.
തുടര്‍ന്ന് ഇവരെ ചന്തയിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം കണ്ടു നിന്നല്ലാതെ ആരും ഇതിൽ ഇടപെട്ടില്ല.മാത്രമല്ല ഇത് തങ്ങളുടെ മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടയുടമയെയും രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.