സ്കോഡയുടെ ജനപ്രിയ എസ്‌യുവി മോഡലായ കുഷാക്കിന്റെ മാറ്റ് പതിപ്പ് വിപണിയിലെത്തി. കാർബൺ സ്റ്റീൽ വർണത്തിൽ തിളങ്ങുന്ന ഈ മോഡലിന്റെ 500 എണ്ണം മാത്രമേ വിപണിയിൽ ലഭ്യമാവുകയുള്ളു. വില മുൻ മോഡലുകളേക്കാൾ 40,000 രൂപ കൂടുതലാണ്. 6സ്‌പീഡ് ഓട്ടോമാറ്റിക്, 6 സ്‌പീഡ് മാന്വൽ, 7 സ്‌പീഡ് ഡിഎസ്‌ജി വകഭേദങ്ങളിൽ 1.0 ടി എസ് ഐ,1.5 ടി എസ് ഐ എഞ്ചിനുകളിൽ ലഭ്യമാണ്.
കുഷാക് മാറ്റ് എഡിഷൻ 1.0 ടി എസ് ഐ മാന്വൽ ട്രാൻസ്‌മിഷൻ16,19,000 രൂപ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ17,79,000 രൂപ. 1.5 ടി എസ് ഐ മാന്വൽ 18,19,000 രൂപ. ഓട്ടോമാറ്റിക്19,39,000 രൂപ. ആഗോള വിപണിയിലേക്കായി ഇന്ത്യയിൽ രൂപകൽപന ചെയ്യപ്പെട്ട കുഷാക് 2021 ജൂലൈയിലാണ് വിപണിയിലെത്തിയത്.
കുഷാഖ് മാറ്റിലെ ഒ ആർ വി എമ്മുകൾ, ഡോർ ഹാന്റിലുകൾ, റിയർ സ്പോയ്ലർ എന്നിവ ഗ്ലോസി ബ്ലാക്കിലാണ് ചെയ്‌തിരിക്കുന്നത്. കാർബൺ സ്റ്റീൽ മാറ്റ് ബോഡിയുമായി സാമ്യം ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്‌തത്. പക്ഷെ മാറ്റ് ബോഡിയിൽ നിന്ന് മുഴച്ചു നിൽക്കുന്നതിനായി ഗ്രിൽ, ട്രങ്ക് ഗാർണിഷ്, വിൻഡോ ഗാർണിഷ് എന്നിവ പഴയത് പോലെ ക്രോമിൽ തന്നെയാണ്. കുഷാക് മോണ്ടേകാർലോയിലേത് പോലെ 1.5 ടി എസ് ഐ എഞ്ചിൻ മോഡലിന് പിറകിൽ 1.5 ടി എസ് ഐ ബാഡ്ജും 6 സ്പീക്കറുകളോടു കൂടിയ സൗണ്ട് സിസ്ററവും സബ് വൂഫറുമുണ്ട്. വയർലെസ് സ്‌മാർട് ലിങ്ക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ ഇന്റർഫെയ്‌സ് എന്നിവയോടു കൂടിയ 25.4 സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു ആകർഷണീയത.
പുതുതായി നിലവിൽ വന്ന കൂടുതൽ കർശനമായ ക്രാഷ് ടെസ്റ്റിൽ വിജയിച്ച ആദ്യ ഇന്ത്യൻ നിർമിത കാറും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സുരക്ഷയിൽ 5 സ്റ്റാർ റേറ്റിങ് ലഭിച്ച ആദ്യ ഇന്ത്യൻ നിർമിത കാറുമാണ് കുഷാക് . 29.71 സ്കോർ നേടിയ സ്ലാവിയ വരുന്നതിന് മുൻപ് 29.64 സ്കോറോടെ ഏറ്റവും മികച്ച റേറ്റിങ് ലഭിച്ചതും കുഷാക്കിനാണ്. സുരക്ഷയിൽ സ്ലാവിയയും കുഷാക്കും തന്നെയാണ് ഇപ്പോഴും മുൻപന്തിയിൽ.