ഷില്ലോങ്: ഇന്‍ഡോര്‍ ഹണിമൂണ്‍ കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ജൂണ്‍ 2 ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ഒരു കത്തി കണ്ടെത്തി.
പ്രാദേശികമായി അത്തരമൊരു കത്തി കണ്ടെത്തുന്നത് അസാധ്യമായിരുന്നു. ഇതോടെ രാജയുടെ കൊലപാതകത്തിന് പിന്നില്‍ പുറത്തുനിന്നുള്ള ആരോ ഉണ്ടെന്ന് സൂചന ലഭിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍, രാജയുടെയും ഭാര്യ സോനം രഘുവംശിയുടെയും കോള്‍ വിശദാംശങ്ങള്‍ പോലീസ് അന്വേഷിക്കാന്‍ തുടങ്ങി.
സോനത്തിന്റെ കോള്‍ ഡീറ്റൈല്‍സ് കണ്ടതോടെ പോലീസിന്റെ സംശയം ഉറപ്പായി. അതിനിടെ, ഭര്‍ത്താവ് രാജ അറിയാതെ സോനം ആരോടോ ഫോണില്‍ ചാറ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോള്‍ ഡീറ്റൈല്‍സിന്റെയും സോനത്തിന്റെ ചാറ്റിന്റെയും സഹായത്തോടെ പോലീസ് രാജ് കുശ്വാഹ ഉള്‍പ്പെടെയുള്ള നാല് പ്രതികളിലേക്കും എത്തി.
ജൂണ്‍ 8 ന് രാത്രി 11-12 ഓടെ പോലീസ് രാജ് കുശ്വാഹയെ അറസ്റ്റ് ചെയ്തു. ഈ സമയത്ത്, സോനം വാരണാസിയില്‍ നിന്ന് ഗാസിപൂരിലെത്തി. സോനത്തിനും രാജിനും വ്യത്യസ്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു, എന്നാല്‍ പോലീസിന്റെ ഒരു തന്ത്രം ഇരുവരുടെയും പദ്ധതി തകര്‍ത്തു.
ഷില്ലോങ്ങില്‍ വെച്ച് താന്‍ കൊള്ളയടിക്കപ്പെട്ടു എന്ന കഥ സോനം തന്റെ വീട്ടുകാരോട് പറയണമെന്ന് സോനവും രാജും തീരുമാനിച്ചിരുന്നു. ഭര്‍ത്താവ് രാജയെ കൊലപ്പെടുത്തി കവര്‍ച്ചക്കാര്‍ സോനത്തെ ഗാസിപൂരില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്ന കഥ ധാബ ഉടമയോടും പറഞ്ഞിരുന്നു.
മേഘാലയ പോലീസ് സോനത്തിനും രാജിനും ഇടയില്‍ ഒരു വീഡിയോ കോള്‍ ഏര്‍പ്പാട് ചെയ്തു. ഇതോടെ രാജ് പോലീസ് കസ്റ്റഡിയിലാണെന്ന് സോനത്തിന് ബോധ്യമായി.
രാജ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്, ഇനി നിങ്ങള്‍ പറയൂ എന്ന് പോലീസ് സോനത്തോട് പറഞ്ഞു. ഇത് കേട്ടതോടെ സോനം പോലീസിനോട് മുഴുവന്‍ സത്യവും സമ്മതിക്കുകയായിരുന്നു.