/sathyam/media/media_files/2025/09/26/sonam-2025-09-26-10-14-58.jpg)
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് ഇ.ഡിയുടെ പുതിയ നീക്കം.
വിദേശ ഫണ്ടുകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെയാണ് പ്രധാനമായും അന്വേഷണം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഇ.ഡി പരിശോധിക്കുക.
അതേസമയം, സമീപകാലത്ത് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒ ക്രമരഹിതമായ നിക്ഷേപങ്ങൾ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (FCRA) അക്കൗണ്ടിലെ പ്രാദേശിക ഫണ്ടുകൾ, വിദേശ സഹായം എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.
നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്ന വിവരത്തെ തുടർന്ന് സിബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെയാണ് ഈ അന്വേഷണങ്ങൾ സജീവമായത്. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സോനം വാങ്ചുക് നിഷേധിച്ചിട്ടുണ്ട്.