/sathyam/media/media_files/lcf0ypp6KU3RFr5DLfdd.jpg)
ന്യൂഡല്‍ഹി: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാംഷഡ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
തന്റെ മകനെ അവര്‍ക്ക് കൈമാറുകയാണെന്നാണ് റായ്ബറേലിയില്‍ പ്രചാരണത്തിന് പോയ സോണിയ ഗാന്ധി പറഞ്ഞത്. റായ്ബറേലിയിൽ ദീർഘകാലം പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ പോലും സ്ഥാനാര്‍ത്ഥിയാക്കാന്‍ അവര്‍ കണ്ടെത്തിയില്ലേയെന്ന് മോദി ചോദിച്ചു.
“അവർ (സോണിയ ഗാന്ധി) കോവിഡിന് ശേഷം ഒരിക്കൽ പോലും തൻ്റെ മണ്ഡലം സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ തൻ്റെ മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. സീറ്റ് തങ്ങളുടെ കുടുംബ സ്വത്തായിട്ടാണ് അവർ കരുതുന്നത്,” മോദി കൂട്ടിച്ചേർത്തു. രണ്ട് ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു.
"കോൺഗ്രസിൻ്റെ രാജകുമാരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വയനാട്ടിൽ നിന്ന് റായ്ബറേലിയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇത് എൻ്റെ അമ്മയുടെ സീറ്റാണെന്ന് എല്ലാവരോടും പറഞ്ഞുകൊണ്ട് അദ്ദേഹം കറങ്ങുകയാണ്, ”മോദി പറഞ്ഞു. എട്ടുവയസ്സുള്ള ഒരു കുട്ടി പഠിക്കാൻ സ്കൂളിൽ പോകുമ്പോൾ തന്റെ അച്ഛന്‍ അവിടെ പഠിച്ചിട്ടുണ്ടെങ്കില്‍ പോലും അത് തന്റെ അച്ഛന്റെ സ്‌കൂളാണെന്ന് പറയില്ലെന്നും മോദി പരിഹസിച്ചു.