ബംഗളൂരു: നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നും സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് ജി.എസ്. രഘു രംഗത്ത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തെലുങ്കാനയിലെ ഷംഷാബാദിലെ ജല്ലെപ്പള്ളിയിലുള്ള സൗന്ദര്യയുടെ ആറ് ഏക്കര്‍ ഗസ്റ്റ് ഹൗസ് വില്‍ക്കാന്‍ മുതിര്‍ന്ന തെലുങ്ക് നടന്‍ മോഹന്‍ ബാബു നിര്‍ബന്ധിച്ചുവെന്നും സൗന്ദര്യയുടേത് കൊലപാതകം ആണെന്നും ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. നടി മരിച്ച് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിഷയം വീണ്ടും സജീവമാകുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹൈദരാബാദിലെ സ്വത്തിനെക്കുറിച്ചും മോഹന്‍ ബാബു സാറിനെയും സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് രഘു വ്യക്തമാക്കി.
സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നു. മോഹന്‍ ബാബു സാര്‍ എന്റെ ഭാര്യയില്‍ നിന്ന് നിയമവിരുദ്ധമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നുവെന്നും രഘു പറഞ്ഞു.