/sathyam/media/media_files/2025/09/26/2222222222-2025-09-26-21-09-28.jpg)
ഇന്ത്യ, പാകിസ്ഥാൻ താരങ്ങൾക്ക് എതിരെ ഐസിസി നടപടി. പഹൽഗാമിലെ ഇരകൾക്ക് പാകിസ്ഥാനെതിരായ വിജയം സമർപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് ശാസനയും 30% ശതമാനം പിഴയും ശിക്ഷ വിധിച്ചു. പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പാകിസ്ഥാൻ താരം ഹാരിസ് റൗഫിന് 30% പിഴയും സാഹിബ്സാദ ഫർഹാന് താക്കീതും ഐസിസി ശിക്ഷ നൽകി.
2025ലെ ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് ശേഷമാണ് പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവരുടെ കുടുംബങ്ങളെ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൂര്യകുമാർ യാദവ് പ്രസ്താവന നടത്തിയത്. ഇന്ത്യൻ സായുധ സേനയ്ക്ക് വിജയം സമർപ്പിച്ച സൂര്യകുമാർ, പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ- പാകിസ്ഥാൻ മാച്ചിനിടയിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ കാണിച്ച ആംഗ്യമാണ് പാക് പേസര്‍ ഹാരിസ് റൗഫിനെതിരായ വിവാദം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആറ് ഫൈറ്റര്‍ ജെറ്റുകള്‍ പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയെന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ഇന്ത്യന്‍ സൈന്യവും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചിരുന്നു. ഇന്ത്യയുടെ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും പാകിസ്ഥാനില്‍ തകര്‍ന്നു വീണുവെന്നുമുള്ള ആംഗ്യങ്ങളാണ് ഹാരിസ് റൗഫ് കാണിച്ചത്.
മത്സരത്തില്‍ സാഹിബ്‌സാദ ഫർഹാൻ്റെ വെടിവെപ്പ് സെലിബ്രേഷനും വിവാദമായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഫിഫ്റ്റി തികച്ച ശേഷം സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ ഗണ്‍ ഷൂട്ടിങ് സെലിബ്രേഷന്‍ പഹല്‍ഗാം ഇരകളോടുള്ള അനാദരവായാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.
അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ രാഷ്ട്രീയ ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന് താരങ്ങൾക്ക് വിലക്കുണ്ട്. ഇത് ഐസിസിയുടെ നിയമാവലിക്ക് കീഴിലുള്ള ലെവൽ വൺ കുറ്റകൃത്യമാണ്.