ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റ് എൻവിഎസ്-02 സാറ്റ്ലൈറ്റുമായി ശ്രീഹരിക്കോട്ടയിൽ നിന്ന് 100-ാം വിക്ഷേപണമായി കുതിച്ചുയർന്നപ്പോൾ മലയാളികൾക്ക് ഇരട്ടി അഭിമാനം.
മലയാളിയായ തോമസ് കുര്യനായിരുന്നു ഇസ്രൊയുടെ ഈ ചരിത്ര ബഹിരാകാശ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.23നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എൻവിഎസ്-02 സാറ്റ്ലൈറ്റ് ജിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. 'ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറയ്ക്ക് അടക്കം അനുമതിയായി കഴിഞ്ഞു.
ചന്ദ്രയാൻ ശ്രേണിയിലടക്കം കൂടുതൽ ദൗത്യങ്ങൾ വരാനിരിക്കുന്നു'- എന്നും പറഞ്ഞ വി നാരായണൻ മുൻ തലവൻമാർ അടക്കമുള്ള ഐഎസ്ആർഒ കുടുംബാംഗങ്ങൾക്ക് നന്ദി അറിയിച്ചു. നാസ- ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസാർ ഉപഗ്രഹത്തിൻറെ വിക്ഷേപണം വൈകാതെ നടക്കുമെന്നും ഇസ്രൊ മേധാവി അറിയിച്ചു.
കിറുകൃത്യമായാണ് എൻവിഎസ്-02 സാറ്റ്‌ലൈറ്റിനെ ജിഎസ്എൽവി ഭ്രമണപഥത്തിൽ സ്ഥാപിച്ചതെന്ന് മിഷൻ ഡയറക്ടർ തോമസ് കുര്യൻ വ്യക്തമാക്കി.