ശ്രീഹരിക്കോട്ട: ഐഎസ്ആർഒയും നാസയും ചേർന്ന് നിർമ്മിച്ച എൻ ഐ സാർ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. ഇസ്രൊയുടെ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് ലോകത്തിലെ എറ്റവും മികച്ച ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് വൈകുന്നേരം 5:40നാണ് വിക്ഷേപണം.
യാഥര്‍ശ്ചികമായെങ്കിലും മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‍റെ ഓർമ്മദിനത്തിലാണ് ഉരുൾപ്പൊട്ടലുകളെ നമ്മൾ നേരിടുന്ന രീതി തന്നെ മാറ്റി മറിയ്ക്കാൻ കെൽപ്പുള്ള ഈ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം നടക്കുന്നത്.
നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് എന്നാണ് എന്‍ ഐ സാര്‍, നൈസാര്‍ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്‍റെ പൂര്‍ണരൂപം. എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും.
ഈ തുക നാസയും ഇസ്രൊയും പങ്കിടുന്നു. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹം കൂടിയാണ് നൈസാര്‍.
രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും നൈസാര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുന്നു.
പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ എ ഐ സാര്‍ സാറ്റ്‌ലൈറ്റിനാകും.
ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും.
കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും.
കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും.
ഇത് ഭൗമ മാറ്റങ്ങള്‍ നിരീക്ഷിച്ച് ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സഹായകമാകും. ദുരന്ത മുന്നറിയിപ്പ് രംഗത്തും നിവാരണ രംഗത്തും നാഴികക്കല്ലാകും ഐഎസ്ആര്‍ഒയുടെ പാദമുദ്രയുള്ള നൈസാര്‍ സാറ്റ്‌ലൈറ്റ്.