ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധത്തിന് പിന്നാലെ കശ്മീരിലുണ്ടായ പ്രതിഷേധം. കശ്മീരിൽ ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങൾ നാളെ മുതൽ ലഘൂകരിക്കും. ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന ഇന്റർനെറ്റ്, പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളും പുനഃസ്ഥാപിച്ചു വരികയാണെന്ന് അധികൃതർ

ഷിയാ ആധിപത്യമുള്ള ബുദ്ഗാമിലുണ്ടായ പ്രതിഷേധങ്ങൾ ഒഴികെ കശ്മീരിൽ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സമാധാനപരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

New Update
sreenagar

ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് കശ്മീരിൽ ഏർപ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങൾ നാളെ മുതൽ ലഘൂകരിക്കും. 

Advertisment

ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന ഇന്റർനെറ്റ്, പ്രീപെയ്ഡ് മൊബൈൽ സേവനങ്ങളും പുനഃസ്ഥാപിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.


വെള്ളിയാഴ്ചത്തെ പ്രാർഥനകൾക്ക് മുന്നോടിയായി താഴ്‌വരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 


ഷിയാ ആധിപത്യമുള്ള ബുദ്ഗാമിലുണ്ടായ പ്രതിഷേധങ്ങൾ ഒഴികെ കശ്മീരിൽ മറ്റെല്ലായിടത്തും സ്ഥിതിഗതികൾ സമാധാനപരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

നിയന്ത്രണങ്ങൾ കാരണം ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടന്നില്ല. പള്ളിയിലേക്കുള്ള പാതകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. നടപടി നിർഭാഗ്യകരമാണെന്ന് വീട്ടുതടങ്കലിൽ കഴിയുന്ന മിർവൈസ് ഉമർ ഫാറൂഖ് പ്രതികരിച്ചു.


പ്രതിഷേധങ്ങൾ തടയാനായി അടച്ചിരുന്ന ശ്രീനഗറിലെ നഗരമധ്യമായ ലാൽ ചൗക്ക് നാളെ തുറക്കും. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ലാൽ ചൗക്ക് ഇത്തരത്തിൽ പൂർണ്ണമായി അടച്ചിടേണ്ടി വന്നത്. 


ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെത്തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്രതിഷേധങ്ങൾക്കിടെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ ചുമത്തിയിട്ടുണ്ട്. 


അറസ്റ്റിലായ യുവാക്കളെ മോചിപ്പിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഷിയാ മതനേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി.


യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ച് ഷിയാ വിഭാഗങ്ങൾ നടത്തിയ വിലാപയാത്രകൾ പലയിടത്തും അക്രമാസക്തമായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചിരുന്നു.

Advertisment