/sathyam/media/media_files/L6ZtkTmnoqfa6JLARiOa.jpg)
ശ്രീനഗര്‍: ജമ്മു - കാശ്മീരില്‍ വീണ്ടും സിപിഎം എംഎല്‍എ നിയമസഭയിലെത്തും. കാശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നും 7838 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ വിജയം.
മുമ്പ് നാല് തവണ വിജയം വരിച്ച തരിഗാമിയുടെ അഞ്ചാമത്തെ വിജയമാണിത്. അതേസമയം പുതിയ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ തരിഗാമിക്ക് മന്ത്രി സ്ഥാനം ലഭിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
സിപിഎം ജമ്മു - കാശ്മീര്‍ സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം. അനന്ത് നാഗ് കോളേജ് വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച തരിഗാമി 1996 -ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2002, 2008, 2014 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.
കോണ്‍ഗ്രസിന്‍റെയും നാഷണല്‍ കോണ്‍ഫറന്‍സിന്‍റെയും പിന്തുണയോടെയാണ് വിജയം. നിരോധിത സംഘടനയായ ജുമാ അത്തെ ഇസ്ലാമിയുടെ നേതാവായിരുന്ന സയര്‍ അഹമ്മദ് റെഷിയെയാണ് തരിഗാമി പരാജയപ്പെടുത്തിയത്.
ജമ്മു - കാശ്മീരില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 46 സീറ്റുകള്‍ കടന്ന് 49 സീറ്റുകളിലാണ് വിജയവും ലീഡുമായി ഇന്ത്യ സഖ്യം മുന്നേറുന്നത്. 3 സീറ്റുകളില്‍ വിജയിച്ച പിഡിപിയും ഇന്ത്യാ സഖ്യത്തോടൊപ്പം ചേരാനാണ് സാധ്യത തെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍സി - കോണ്‍ഗ്രസ് സഖ്യത്തെ അഭിനന്ദിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്തു വന്നിരുന്നു.