/sathyam/media/media_files/vCPBopi4AZVXRBe8i3Qc.jpg)
ശ്രീനഗര്‍: വലിയ ആഘോഷമായി കോണ്‍ഗ്രസ് വിട്ട് ജമ്മു-കാശ്മീരില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ഗുലാം നബി ആസാദിനേപ്പറ്റി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ചര്‍ച്ച പോലും ഉണ്ടായില്ല. ഫല പ്രഖ്യാപനത്തിലോ അതിനു ശേഷമോ ഗുലാം നബിയെപ്പറ്റി ആരും പരാമര്‍ശിച്ചതേ ഇല്ല.
ജമ്മു-കാശ്മീരില്‍ 23 മണ്ഡലങ്ങളില്‍ മല്‍സരിച്ച ഗുലാം നബിയുടെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) മുഴുവന്‍ സീറ്റിലും തോറ്റുവെന്ന് മാത്രമല്ല, 5 സീറ്റുകളില്‍ നോട്ടയേക്കാള്‍ കുറവ് വോട്ടാണ് കിട്ടിയതും. ഇതോടെ ആസാദിന്‍റെ പുതിയ രാഷ്ട്രീയ പരീക്ഷണം അസ്തമിച്ച മട്ടായി.
സ്വന്തം സംസ്ഥാനത്ത് ഒരു സീറ്റുപോലും നേടാനാവാത്ത ഗുലാം നബിയെ ഇനി ശക്തനായ നേതാവായി കാണാന്‍ ആരും തയ്യാറാകില്ല. മാത്രമല്ല, 75 കാരനായ ഗുലാം നബിയ്ക്ക് ഇനിയൊരങ്കത്തിലുള്ള ബാല്യവും അവശേഷിക്കുന്നില്ല.
കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ അതിശക്തനായ നേതാവായിരുന്നു ഗുലാം നബി. സോണിയാ ഗാന്ധിയും രാഹുലും എന്നും ഗുലാം നബിയുടെ വാക്കുകള്‍ക്ക് വില കല്പിച്ചിരുന്നു.
കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിന്‍റെ കരുത്ത്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഗുലാം നബിയും പാര്‍ട്ടിക്ക് കരുത്തായിരുന്നു. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണിപ്പോല്‍ അദ്ദേഹം. ഇനിയും അദ്ദേഹത്തിന് അവസാനത്തെ ആശ്രയവും കോണ്‍ഗ്രസുതന്നെ.