/sathyam/media/media_files/2026/01/27/untitled-2026-01-27-11-26-56.jpg)
ചെന്നൈ: ഐഐടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ട്വിറ്ററില്‍ (എക്‌സ്) വാക്‌പോരുമായി സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവും കോണ്‍ഗ്രസും.
കാമകോടിയുടെ പഴയ 'ഗോമൂത്ര പരാമര്‍ശത്തെ' കോണ്‍ഗ്രസ് പരിഹസിച്ചതും, അതിനെ അനുകൂലിച്ച് ശ്രീധര്‍ വെമ്പു രംഗത്തെത്തിയതുമാണ് തര്‍ക്കത്തിന് കാരണമായത്. ഒടുവില്‍ ഗോമൂത്ര ഗവേഷണത്തിന് പണം മുടക്കാന്‍ തയ്യാറുണ്ടോ എന്ന് ശ്രീധര്‍ വെമ്പുവിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.
വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഐഐടി മദ്രാസ് ഡയറക്ടറായ വി. കാമകോടിയെ പത്മശ്രീ നല്‍കി ആദരിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ച അഭിനന്ദന പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്.
'ബഹുമതി ലഭിച്ച വി. കാമകോടിക്ക് അഭിനന്ദനങ്ങള്‍. ഗോമൂത്രത്തെക്കുറിച്ചുള്ള അത്യന്താധുനിക ഗവേഷണത്തിനും, ഗോമൂത്രത്തെ ലോകവേദിയില്‍ എത്തിച്ചതിനും രാജ്യം നല്‍കുന്ന അംഗീകാരമാണിത്' എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഗോമൂത്രത്തിന് ബാക്ടീരിയ, ഫംഗസ് എന്നിവയെ ചെറുക്കാനും അസുഖങ്ങള്‍ ഭേദമാക്കാനും കഴിവുണ്ടെന്ന് കാമകോടി മുന്‍പ് നടത്തിയ പ്രസ്താവനയെ ഉന്നം വെച്ചായിരുന്നു ഈ വിമര്‍ശനം.
കോണ്‍ഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്തെത്തി. 'പ്രൊഫസര്‍ കാമകോടി മൈക്രോ പ്രൊസസര്‍ ഡിസൈന്‍ പോലുള്ള സാങ്കേതിക മേഖലകളിലെ വിദഗ്ധനാണ്. ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനമായ ഐഐടി മദ്രാസിന്റെ ഡയറക്ടറായ അദ്ദേഹം ഈ ബഹുമതിക്ക് അര്‍ഹനാണ്,' വെമ്പു കുറിച്ചു.
കൂടാതെ, താന്‍ ശാസ്ത്രീയമായ കാരണങ്ങളാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും വെമ്പു പറഞ്ഞു. 'ചാണകത്തിലും ഗോമൂത്രത്തിലും മനുഷ്യന് ഉപകരിക്കുന്ന സൂക്ഷ്മാണുക്കള്‍ ഉണ്ടെന്നത് ശാസ്ത്രീയമാണ്. പാശ്ചാത്യ സര്‍വ്വകലാശാലകളായ ഹാര്‍വാര്‍ഡോ എംഐടിയോ പറഞ്ഞാല്‍ മാത്രമേ ചിലര്‍ ഇത് വിശ്വസിക്കൂ. ഇത് അടിമത്വ മനോഭാവമാണ്,' വെമ്പു വിമര്‍ശിച്ചു.
വെമ്പുവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. വെറുതെ പാശ്ചാത്യ പേപ്പറുകള്‍ ഉദ്ധരിക്കുന്നതല്ല ഗവേഷണമെന്നും, മധ്യപ്രദേശില്‍ പശുവിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ക്യാന്‍സര്‍ ചികിത്സാ ഗവേഷണത്തില്‍ നടന്ന അഴിമതിയും അവര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നായിരുന്നു വെമ്പുവിനോടുള്ള വെല്ലുവിളി: 'ഗോമൂത്രത്തിന്റെ അത്ഭുത ഗുണങ്ങളില്‍ വിശ്വസിക്കുന്ന ഒരു ശതകോടീശ്വരനാണ് താങ്കള്‍. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് താങ്കളുടെ കമ്പനിക്ക് ഗോമൂത്ര-ചാണക ഗവേഷണത്തിനായി പണം മുടക്കിക്കൂടാ?
ഗോമൂത്രം കൊണ്ട് ക്യാന്‍സര്‍ മാറ്റാന്‍ കഴിയുമെങ്കില്‍ അത് ലോകത്തിന് തന്നെ വലിയൊരു സംഭാവനയാകും. വെറും വര്‍ത്തമാനം പറയാതെ പണം മുടക്കി അത് തെളിയിക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ?' കോണ്‍ഗ്രസ് ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us