/sathyam/media/media_files/2025/09/09/photos224-2025-09-09-09-16-03.jpg)
ശ്രീനഗർ: പൊതു ക്രമസമാധാനം തടസപ്പെടുത്തിയെന്നാരോപിച്ച് ജമ്മു കാശ്മീരിലെ ഏക ആം ആദ്മി പാർട്ടി എംഎൽ എ മെഹ്‌രാജ് മാലിക്കിനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തതായി ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയുടെ ഭരണകൂടം അറിയിച്ചു.
പിഎസ്എ പ്രകാരം, ക്രമസമാധാനം തടസപ്പെടുത്തുന്നത് ഒരാൾക്ക് വിചാരണ ഇല്ലാതെ രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതനുസരിച്ച് ജമ്മുവിൽ ആദ്യമായാണ് ഒരു സിറ്റിങ് എംഎൽഎയെ ജയിലിലടക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ദോഡയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹർവീന്ദർ സിംഗിനെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് മെഹ്‌രാജ് മാലിക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ദോഡ നിയോജക മണ്ഡലത്തിൽ ബിജെപിയുടെ ഗജയ് സിങ് റാണയെ 4538 വോട്ടിന് മാലിക് പരാജയപ്പെടുത്തിയാണ് മാലിക് നിയമസഭയിലെത്തിയത്. ആം ആദ്മി പാർട്ടിക്ക് ജമ്മുവിൽ ആദ്യ വിജയം നേടിക്കൊടുത്തതും മാലിക്കാണ്.
സർക്കാർ രൂപീകരണത്തിൽ ഒമർ അബ്ദുല്ലയ്ക്ക് പിന്തുണ നൽകിയ മാലിക് ഈ വർഷം ജൂണിൽ ഒമർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്തേക്ക് മാറാനും തീരുമാനിച്ചിരുന്നു. മാലിക്കിനെതിരെ പിഎസ്എ ചുമത്തിയ നടപടിയെ പീപ്പിൾസ് കോൺഫറൻസ് പ്രസിഡന്റും എംഎൽഎയുമായ ഹന്ദ്വാര സജാദ് ലോൺ അപലപിച്ചു.
മാലിക്കിൻറെ അറസ്റ്റിനെ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും അപലപിച്ചു. “മെഹ്‌രാജ് മാലിക്കിനെ പിഎസ്‌എ പ്രകാരം തടങ്കലിൽ വയ്ക്കുന്നതിന് ഒരു ന്യായീകരണവുമില്ല.
അദ്ദേഹം പൊതു സുരക്ഷയ്ക്ക് ഭീഷണിയല്ല, ഈ അപകീർത്തികരമായ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നത് തെറ്റാണ്.
തെരഞ്ഞെടുക്കപ്പെടാത്ത സർക്കാരിന് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിക്കെതിരെ തങ്ങളുടെ അധികാരങ്ങൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, ജമ്മു കശ്മീർ ജനത ജനാധിപത്യത്തിൽ തുടർന്നും വിശ്വസിക്കുമെന്ന് ആരെങ്കിലും എങ്ങനെ പ്രതീക്ഷിക്കും?” അദ്ദേഹം എക്സിൽ കുറിച്ചു.