/sathyam/media/media_files/2025/08/27/images-1280-x-960-px313-2025-08-27-13-51-20.jpg)
ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് അഞ്ച് വർഷത്തെ വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തി സ്‌പൈസ് ജെറ്റ്.
ജൂലൈ 26 ന് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സ്‌പൈസ് ജെറ്റിലെ നാല് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ആർമി ഓഫീസറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അഞ്ച് വർഷത്തേക്കാണ് സൈനികന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ഈ കാലയളവിൽ എയർലൈൻ നടത്തുന്ന ആഭ്യന്തര, അന്തർദേശീയ യാത്രകളില്‍ നിന്ന് ഉദ്യോഗസ്ഥനെ വിലക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു സീനിയര്‍ ആര്‍മി ഓഫീസര്‍. ക്യാബിന്‍ ബാഗേജ് അധികമായതിനാല്‍ പണം നല്‍കണമെന്ന് സൈനികനെ ജീവനക്കാര്‍ അറിയിച്ചു.
എന്നാല്‍, ബോര്‍ഡിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ എയ്‌റോ ബ്രിഡ്ജിലേക്ക് യാത്രക്കാരന്‍ കയറാന്‍ ശ്രമിച്ചു. ഇത് ജീവനക്കാര്‍ തടഞ്ഞു.
ഇതോടെ യാത്രക്കാരന്‍ പ്രകോപിതനാവുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. സ്റ്റീല്‍ സൈന്‍ബോര്‍ഡ് ഉപയോഗിച്ചാണ് ജീവനക്കാരെ മര്‍ദിച്ചത്.
ആക്രമണത്തില്‍ ഒരാളുടെ നട്ടെല്ലിന് ഒടിവ് സംഭവിച്ചതായും സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചിരുന്നു.
സ്‌പൈസ്‌ജെറ്റ് ജീവനക്കാരെ ആക്രമിച്ചതിന് ഉദ്യോഗസ്ഥനെതിരെ ബിഎൻഎസ് സെക്ഷൻ 115 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മർദനമേറ്റതായി ആരോപിച്ച് സൈനികനും പൊലീസിൽ പരാതിയും നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ എയർലൈൻ ജീവനക്കാർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.