/sathyam/media/media_files/2025/08/30/photos44-2025-08-30-10-49-21.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു.
അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്.
നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. നിരവധി റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.