/sathyam/media/media_files/6gQFIR4JfoGnSSRJdeKd.jpg)
റായ്പൂര്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി20 അന്താരാഷ്ട്ര മത്സരം ഇന്ന് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരം നടക്കാനിരിക്കെ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയത്തില്‍ ഇതുവരെ വെളിച്ചമെത്തിയില്ല.
നിര്‍ണായക ഏറ്റുമുട്ടലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സ്റ്റേഡിയം ഇപ്പോഴും ഇരുട്ടിലാണ്. 2009 മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തതാണ് സ്റ്റേഡിയത്തില്‍ വെളിച്ചമെത്താത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റേഡിയത്തിന്റെ താല്‍ക്കാലിക കണക്ഷന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അപേക്ഷിച്ചിട്ടുണ്ടെന്ന് റായ്പൂര്‍ റൂറല്‍ സര്‍ക്കിള്‍ ഇന്‍ചാര്‍ജ് അശോക് ഖണ്ഡേല്‍വാള്‍ പറഞ്ഞു.
സ്റ്റേഡിയത്തിന് 3.16 കോടി രൂപ ബില്‍ കുടിശ്ശികയുണ്ട്, ഇതുമൂലം 5 വര്‍ഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു താല്‍ക്കാലിക കണക്ഷന്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ അത് കാണികളുടെ ഗാലറിയും ബോക്‌സുകളും മാത്രമാണ് ഉള്‍ക്കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ മത്സരത്തിലെ ഫ്‌ലഡ്ലൈറ്റുകള്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 200 കെ വിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെ വിയായി ഉയര്‍ത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.
2018ല്‍ ഹാഫ് മാരത്തണില്‍ പങ്കെടുത്ത കായികതാരങ്ങള്‍ സ്റ്റേഡിയത്തില്‍ വൈദ്യുതി ഇല്ലെന്നറിഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. 2009 മുതല്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും നിലവില്‍ 3.16 കോടി രൂപ കുടിശ്ശിക ഇനത്തില്‍ അടയ്ക്കാനുണ്ടെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനുശേഷം, അതിന്റെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) കൈമാറിയിരുന്നു. ബാക്കി ചെലവ് കായിക വകുപ്പാണ് വഹിക്കേണ്ടത്.
എന്നാല്‍ വൈദ്യുതി ബില്ലിന്റെ പേരില്‍ ഇരു വകുപ്പുകളും പരസ്പരം പഴിചാരുകയാണെന്നാണ് വിവരം. കുടിശ്ശിക തീര്‍ക്കുന്നതിനായി വൈദ്യുതി കമ്പനി പിഡബ്ല്യുഡിക്കും കായിക വകുപ്പിനും നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഇതുവരെ പണം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us