സംസ്ഥാന സ്വയംഭരണത്തിനായി തമിഴ്‌നാട്; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

സംസ്ഥാന സ്വയംഭരണവും കേന്ദ്രത്തില്‍ സഖ്യകക്ഷി ഭരണവുമാണ് സന്തുലിത വികസനത്തിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നിന്ന് ഫണ്ടിനായും അധികാരത്തിനായും സംസ്ഥാനങ്ങള്‍ക്ക് ഇന്നും പോരാടേണ്ടി വരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം ഉറപ്പാക്കണമെന്നും ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ബുധനാഴ്ച അദ്ദേഹം നിയമസഭയില്‍ സമര്‍പ്പിച്ചു.

Advertisment

മുന്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സഭയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കാനും ഫെഡറലിസം ശക്തിപ്പെടുത്താനുമുള്ള 'ചരിത്രപരമായ' ശ്രമമാണിതെന്ന് സ്റ്റാലിന്‍ വിശേഷിപ്പിച്ചു.


സ്വാതന്ത്ര്യത്തിന് ശേഷം നൂറിലധികം തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും, സംസ്ഥാനങ്ങളെ ശാക്തീകരിക്കാന്‍ ഇനിയും ഭേദഗതികള്‍ വരുത്താവുന്നതാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംസ്ഥാന സ്വയംഭരണവും കേന്ദ്രത്തില്‍ സഖ്യകക്ഷി ഭരണവുമാണ് സന്തുലിത വികസനത്തിന് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ ബഹുമാനിക്കുന്നില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നും ഫണ്ടിനായി യാചിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ആവശ്യം രാഷ്ട്രീയമല്ലെന്നും ജനങ്ങളുടെ ഉപജീവനവും വികസനവും സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.


മുഖ്യമന്ത്രിയുടെ നീക്കത്തെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സെല്‍വപെരുന്തഗൈ സ്വാഗതം ചെയ്തു. വിഷയം എഐസിസി മുന്‍പാകെ ചര്‍ച്ചയ്ക്ക് വെക്കുമെന്നും ദേശീയ തലത്തില്‍ ആലോചിച്ച ശേഷം ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment