ഡല്‍ഹി: ചൊവ്വാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവരുടെ ആദ്യ ഐപിഎല്‍ കിരീടം നേടി. ബുധനാഴ്ച, വിജയം ആഘോഷിക്കാന്‍ ബാംഗ്ലൂരില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു, പക്ഷേ ഈ വിജയാഘോഷം ദുഃഖമായി മാറി.
ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തങ്ങളുടെ കളിക്കാരെ കാണാന്‍ ആര്‍സിബി ആരാധകര്‍ തടിച്ചുകൂടി. തുടര്‍ന്ന് സ്റ്റേഡിയത്തിന് സമീപമുള്ള വിജയ പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
'ഞങ്ങളുടെ താരങ്ങളെ കാണാന്‍ വന്നതായിരുന്നു ഞങ്ങള്‍. ചടങ്ങിനുള്ള ടിക്കറ്റ് വാങ്ങിയിരുന്നു, പക്ഷേ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പോലീസ് പെട്ടെന്ന് എല്ലാ റോഡുകളും പ്രവേശന കവാടങ്ങളും അടച്ചു. പെട്ടെന്ന് അവര്‍ പ്രധാന ഗേറ്റിന് സമീപം ലാത്തിചാര്‍ജ് ആരംഭിച്ചു. ആഘോഷ ദിനം വിലാപമായി മാറി.
'ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങള്‍ ചടങ്ങിനുള്ള ടിക്കറ്റുകള്‍ വാങ്ങി. സ്റ്റേഡിയത്തില്‍ എത്തി, പക്ഷേ, ഞങ്ങളെ മര്‍ദ്ദിച്ചു.
ഞങ്ങളെ അധിക്ഷേപിച്ചു. ഞങ്ങളെപ്പോലുള്ള ആരാധകര്‍ക്ക് വളരെ മോശം ദിവസമായിരുന്നു അത്,' എന്ന് ചില സുഹൃത്തുക്കള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രശാന്ത് ഷെട്ടി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
തിരക്കിട്ട് സംഘടിപ്പിച്ച വിജയാഘോഷത്തിനുള്ള ടിക്കറ്റുകള്‍ പെട്ടെന്ന് വിറ്റുതീര്‍ന്നു, പക്ഷേ ആരാധകര്‍ 12, 13 (പ്രധാന ഗേറ്റ്), 10 (ക്ലബ്ഹൗസ് പ്രവേശന ഗേറ്റ്) എന്നീ ഗേറ്റുകളില്‍ തടിച്ചുകൂടി. അവരെ നിയന്ത്രിക്കാന്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ല.
ഉച്ചകഴിഞ്ഞ് 3.30 ഓടെ, അപ്രതീക്ഷിതമായ തോതില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിച്ചു. സാധുവായ ടിക്കറ്റുള്ളവര്‍ക്ക് മാത്രമല്ല, ടിക്കറ്റില്ലാത്തവര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം പോലീസും സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാ ഗേറ്റുകളും അടച്ചു.
വൈകുന്നേരം 4.30 ഓടെ, അടുത്തുള്ള കബ്ബണ്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തി, ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. വലിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് നേരിയ ബലപ്രയോഗം നടത്തേണ്ടിവന്നു. 10-ാം നമ്പര്‍ ഗേറ്റില്‍ സ്ഥിതി കൂടുതല്‍ മോശമായിരുന്നു. കുട്ടികളും സ്ത്രീകളും ചിതറിയോടി.