ലഖ്നൗ: ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തര്‍ മരിച്ചതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്ര റോഡില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ അപകടത്തില്‍ ഭക്തര്‍ മരിച്ച വാര്‍ത്ത അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് മുഖ്യമന്ത്രി യോഗി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍ മരിച്ച സംസ്ഥാനത്തെ പൗരന്മാരുടെ മൃതദേഹങ്ങള്‍ അവരവരുടെ സ്വന്തം ജില്ലകളിലേക്ക് അയച്ച് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ അപകടത്തില്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഓരോ കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
ഞായറാഴ്ച രാവിലെ 9:15 ഓടെ, ഹരിദ്വാറിലെ പ്രശസ്തമായ മാനസ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ക്ഷേത്രപരിസരത്തിന് 100 മീറ്റര്‍ മുമ്പുള്ള പടിക്കെട്ടില്‍ തടിച്ചുകൂടിയ ജനക്കൂട്ടം തിക്കിലും തിരക്കിലും പെട്ടു.
അപകടത്തില്‍ ആറ് ഭക്തര്‍ മരിച്ചു. മരിച്ച ഭക്തര്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 15 പേരെ ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ചു.