/sathyam/media/media_files/2026/03/03/untitled-2026-03-03-12-55-25.jpg)
ഹൈദരാബാദ്: തെലങ്കാനയിലെ ജഡ്ചര്‍ല സര്‍ക്കാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ഈ ദാരുണ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച വീട്ടില്‍ നിന്ന് ജോലിക്ക് പോയി കാണാതായ ലോറി ഡ്രൈവര്‍ പോളെ ഭീമേശ്വറിന്റെ (32) മൃതദേഹമാണ് നായ വികൃതമാക്കിയത്. തിങ്കളാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പോലീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
മോര്‍ച്ചറിയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം തറയിലാണ് കിടത്തിയിരുന്നത്. ഈ സമയത്ത് അകത്തുകയറിയ തെരുവുനായ മൃതദേഹത്തിന്റെ കൈ കടിച്ചുതിന്നുകയായിരുന്നു.
നായ മൃതദേഹം കടിച്ചുപറിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയും ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. പോസ്റ്റ്മോര്‍ട്ടം ജീവനക്കാര്‍ എത്തിയപ്പോഴാണ് നായയെ ഓടിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ചന്ദ്രകല അറിയിച്ചു.
2023-ല്‍ ജഡ്ചര്‍ല സര്‍ക്കാര്‍ ആശുപത്രിയെ 30 ബെഡുകളില്‍ നിന്ന് 100 ബെഡുകളുള്ള ആശുപത്രിയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ കെട്ടിടത്തില്‍ മോര്‍ച്ചറിക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. അതിനാല്‍ പഴയ കെട്ടിടത്തിലെ ജീര്‍ണ്ണിച്ച മോര്‍ച്ചറിയിലാണ് ഇപ്പോഴും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
സൗകര്യങ്ങളുടെ കുറവ് മൂലം അടുത്തിടെ കൊണ്ടുവന്ന ഒരു മൃതദേഹം രാത്രി മുഴുവന്‍ ആംബുലന്‍സിനുള്ളില്‍ സൂക്ഷിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് പലതവണ മേലധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us