/sathyam/media/media_files/2026/01/21/student-2026-01-21-12-09-29.jpg)
ഡല്‍ഹി: തലസ്ഥാന നഗരിയെ നടുക്കി രോഹിണിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി തോക്കുമായി പിടിയിലായി. നാടന്‍ തോക്കും 10 വെടിയുണ്ടകളുമായാണ് 18 വയസ്സുകാരനായ രാജ് കുമാര്‍ സ്‌കൂളിലെത്തിയത്.
ജനുവരി 19-നാണ് സംഭവം നടന്നത്. സുരക്ഷാ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമന്‍ വിഹാര്‍ പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു.
സ്‌കൂളിലെ എസ്റ്റേറ്റ് ഓഫീസര്‍ പരിശോധന നടത്തുന്നതിനിടെ രണ്ടാം നിലയിലെ ശൗചാലയത്തില്‍ വിദ്യാര്‍ത്ഥി സംശയാസ്പദമായ രീതിയില്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്‌കൂള്‍ സ്റ്റേജിന് സമീപത്തുവെച്ച് അധികൃതര്‍ തടഞ്ഞുനിര്‍ത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തിയത്. ഉടന്‍ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു.
പോലീസ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചു. സഹപാഠിയുമായുള്ള വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് അവനെ ഭയപ്പെടുത്താനാണ് തോക്ക് കൊണ്ടുവന്നതെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കി. താന്‍ ബുള്ളിയിംഗിന് ഇരയായിരുന്നുവെന്നും ഇതിനുള്ള പ്രതികാരമായാണ് തോക്ക് കരുതിയതെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. ആയുധ നിയമപ്രകാരം കേസെടുത്ത പോലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.
രോഹിണി കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിദ്യാര്‍ത്ഥിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌കൂളിനുള്ളില്‍ തോക്കുമായി വിദ്യാര്‍ത്ഥി എത്തിയത് രക്ഷിതാക്കള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us