/sathyam/media/media_files/2026/02/14/untitled-2026-02-14-09-26-03.jpg)
ബര്‍ക്ക്ലി: കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയെ (22) കാണാനില്ലെന്ന് പരാതി. ഫെബ്രുവരി 9 മുതല്‍ ഇയാളെക്കുറിച്ച് വിവരമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബര്‍ക്ക്ലി കുന്നുകളിലെ ലേക്ക് അന്‍സയ്ക്ക് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്.
കര്‍ണാടക സ്വദേശിയായ സാകേത്, ബര്‍ക്ക്ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലര്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. 2025-ല്‍ ഐഐടി മദ്രാസില്‍ നിന്നാണ് ഇയാള്‍ ബിടെക് പൂര്‍ത്തിയാക്കിയത്.
വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അതീവ ആശങ്ക രേഖപ്പെടുത്തി. സാകേതിന്റെ കുടുംബവുമായും പ്രാദേശിക അധികൃതരുമായും തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കോണ്‍സുലേറ്റ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ഊര്‍ജിതമാക്കിയതായും എംബസി വ്യക്തമാക്കി.
സാകേതിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി റൂംമേറ്റ് ബനീത് സിംഗ് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് പങ്കുവെച്ചു.
'എന്റെ റൂംമേറ്റ് സാകേതിനെ തിങ്കളാഴ്ച മുതല്‍ കാണാനില്ല. ബര്‍ക്ക്ലി കുന്നുകളിലെ ലേക്ക് അന്‍സയ്ക്ക് സമീപമാണ് അവനെ അവസാനമായി കണ്ടത്. ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി അറിയിക്കണം. അവനെ കണ്ടെത്താന്‍ പോലീസുമായി ചേര്‍ന്ന് ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്,' ബനീത് കുറിച്ചു.
ഏകദേശം 6 അടി 1 ഇഞ്ച് ഉയരവും 73 കിലോ തൂക്കവുമുള്ളയാളാണ് സാകേത് എന്ന് ബര്‍ക്ക്ലി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us