മധ്യപ്രദേശിൽ വിദ്യാഭ്യാസ മേഖലയിൽ വൻ വീഴ്ച; 1,895 സ്കൂളുകളിൽ അധ്യാപകരില്ല, ഒരു വിദ്യാര്‍ത്ഥി പോലും പഠിക്കാനില്ലാത്ത 435 സ്‌കൂളുകളില്‍ അധ്യാപകപ്പട!

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെങ്കിലും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഇത് 54:1 ആണ്.

New Update
Untitled

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.

Advertisment

സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1,895 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ പോലും ജോലി ചെയ്യുന്നില്ല. അതേസമയം, ഒരു വിദ്യാര്‍ത്ഥി പോലും പഠിക്കാനില്ലാത്ത 435 സ്‌കൂളുകളില്‍ അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


2023 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 66,814 സ്‌കൂളുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. പഠിക്കാന്‍ കുട്ടികളില്ലാത്ത 435 സ്‌കൂളുകളില്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി ഈ അവസ്ഥയിലാണ്. 259 സ്‌കൂളുകളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരാള്‍ പോലും പ്രവേശനം നേടിയിട്ടില്ല.


കുട്ടികളില്ലാത്ത 320 സ്‌കൂളുകളില്‍ അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടില്ലെങ്കിലും അവിടെ അധ്യാപകര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സിഎജി നിരീക്ഷിച്ചു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെങ്കിലും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഇത് 54:1 ആണ്. ചില ജില്ലകളില്‍ സ്ഥിതി അതിലും ദയനീയമാണ്. ടിക്കാംഗഡിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇത് 112:1 എന്ന നിലയിലാണ്.


നഗരപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ 91 ശതമാനം തസ്തികകളിലും അധ്യാപകരുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 70 ശതമാനം മാത്രമാണ്. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ അധികമായി തുടരുന്ന 11,995 അധ്യാപകര്‍ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഇവരെ അധ്യാപകര്‍ കുറവുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റി നിയമിക്കാത്തത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


സംസ്ഥാനത്തെ 29,116 സ്‌കൂളുകളില്‍ ആകെ 99,682 അധ്യാപകരുടെ കുറവുണ്ടെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അധ്യാപക വിന്യാസത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

Advertisment