/sathyam/media/media_files/2025/09/23/madhya-pradesh-girl-kidnapped-2025-09-23-20-58-58.jpg)
ഭോപ്പാൽ: പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ വായില്‍ തുണി തിരുകി വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഗന്ധ്വാനി ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.
സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെ കേസ് എടുത്തുവെന്ന് പൊലീസ് സൂപ്രണ്ട് മായാങ്ക് അവസ്തി പറഞ്ഞു. പെണ്‍കുട്ടി എടിഎമ്മിന് സമീപം നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഒരു മഹീന്ദ്ര ബൊലേറോ വാഹനം അവിടെ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് മൂന്ന് പേര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വിദ്യാര്‍ത്ഥിനിയുടെ വായില്‍ തുണി തിരുകി. പിന്നീട് വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി വാഹനം ഓടിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഗ്രാമീണര്‍ ബൈക്കുകളിലും കാറുകളിലുമായി ഇവരെ പിന്തുടര്‍ന്നു.
ഏകദേശം 20 കിലോ മീറ്ററോളം പിന്തുടര്‍ന്ന ശേഷം നാട്ടുകാര്‍ വാഹനം വളഞ്ഞു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഗ്രാമീണര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ തിരിച്ചറിഞ്ഞതായും അവരെ അറസ്റ്റ് ചെയ്യാന്‍ ഒന്നിലധികം ടീമുകള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.