ആഗ്ര: അലിഗഡില്‍ സ്‌കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിന് യുകെജി വിദ്യാര്‍ത്ഥിക്ക് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ലോധ പൊലീസ് സ്റ്റേഷന്‍ ഏരിയയിലുള്ള സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അലിഗഡ് സ്വദേശി ദിലീപ് കുമാറിന്റെ മകന്‍ ജെയിംസിനാണ് ടീച്ചറിന്റെ മര്‍ദ്ദനമേറ്റത്. സംഭവ ദിവസം ദിലീപ് സ്ഥലത്തില്ലാതിരുന്നതുകൊണ്ടും കുട്ടിയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ടും മുത്തച്ഛനാണ് കുട്ടിയെ സ്‌കൂളിലാക്കിയത്.
കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചാണ് പോയത്. ബാഗ് എടുത്തില്ലെന്ന് പറഞ്ഞ് സ്‌കൂളിലെത്തിയ കുട്ടിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
'അവന്റെ വസ്ത്രങ്ങളും ഷൂസും അടക്കം അഴിച്ചുമാറ്റിയാണ് ടീച്ചര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിയെ ഷോക്കേല്‍പ്പിക്കുകയും ചെയ്തു', ദിലീപ് പറഞ്ഞു.
സ്‌കൂളില്‍ നിന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.