/sathyam/media/media_files/2026/03/06/untitled-2026-03-06-10-18-31.jpg)
തേസ്പൂര്‍: അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുര്‍ഗാക്കര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്. വെള്ളിയാഴ്ചയാണ് വ്യോമസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ജോര്‍ഹട്ട് എയര്‍ബേസില്‍ നിന്ന് മറ്റ് മൂന്ന് സുഖോയ് വിമാനങ്ങള്‍ക്കൊപ്പം രാത്രികാല പരിശീലന പറക്കലിന് ഇറങ്ങിയതായിരുന്നു വിമാനം. രാത്രി 7:42-ഓടെ ബോര്‍പുങ് മേഖലയ്ക്ക് സമീപം വെച്ച് വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമായി.
കാര്‍ബി ആംഗ്ലോങ് ജില്ലയിലെ ചോക്കിഹോള മേഖലയിലെ ഉള്‍നാടന്‍ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. എയര്‍ബേസില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണിത്.
കുന്നിന്‍ചെരിവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിയമരുന്നത് കണ്ട പ്രാദേശികവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. എന്നാല്‍ പ്രദേശം കൊടുംകാടും ദുര്‍ഘടമായ മലനിരകളും നിറഞ്ഞതായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു.
അത്യാധുനിക സംവിധാനങ്ങളുള്ള ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമായ സുഖോയ് തകരാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റഷ്യന്‍ സാങ്കേതികവിദ്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച വിമാനമാണിത്.
വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വ്യോമസേന എക്‌സിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us