അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു; പൈലറ്റുമാർക്കായി തിരച്ചിൽ തുടരുന്നു

ഏത് കാലാവസ്ഥയിലും ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഈ ഇരട്ട എഞ്ചിന്‍ വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ്.

New Update
Untitled

തേസ്പൂര്‍: അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് രാത്രി 7:42-ഓടെ ഗ്രൗണ്ട് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

Advertisment

ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കാര്‍ബി ആംഗ്ലോങ് മേഖലയിലാണ് വിമാനം തകര്‍ന്നത്.


വിമാനം കാണാതായ ഉടന്‍ തന്നെ വ്യോമസേന 'സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ' ഓപ്പറേഷന്‍ ആരംഭിച്ചു. സിവില്‍ അധികൃതരുടെ സഹായത്തോടെ അപകടസ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണെങ്കിലും പൈലറ്റുമാരുടെ നില സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


വിമാനം അപകടത്തില്‍പ്പെട്ട വിവരം ഇന്ത്യന്‍ വ്യോമസേന എക്‌സിലൂടെ സ്ഥിരീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

റഷ്യന്‍ സാങ്കേതികവിദ്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ് സുഖോയ് Su-30MKI.


ഏത് കാലാവസ്ഥയിലും ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഈ ഇരട്ട എഞ്ചിന്‍ വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ്.


അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisment