/sathyam/media/media_files/2025/10/01/subin-garg-2025-10-01-08-43-54.jpg)
ഡല്‍ഹി: സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയെയും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ (എന്‍ഇഐഎഫ്) മുഖ്യ സംഘാടകന്‍ ശ്യാംകാനു മഹന്തയെയും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.
അറസ്റ്റിനുശേഷം ഇരുവരെയും ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. സുബീന്‍ ഗാര്‍ഗിന്റെ മാനേജരെയും ഫെസ്റ്റിവല്‍ സംഘാടകനെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
സിംഗപ്പൂരില്‍ നിന്ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മഹന്ത് അറസ്റ്റിലായത്, ഗുരുഗ്രാമിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സിദ്ധാര്‍ത്ഥ് ശര്‍മ്മ അറസ്റ്റിലായത്.
സെപ്റ്റംബര്‍ 19 ന് സിംഗപ്പൂരില്‍ മുങ്ങിമരിച്ച സുബീന്‍ ഗാര്‍ഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസം സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എംപി ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
മഹന്ത, ശര്‍മ്മ, സിംഗപ്പൂര്‍ അസം അസോസിയേഷന്‍ അംഗങ്ങള്‍, ഫെസ്റ്റിവലിനായി സിംഗപ്പൂരിലേക്ക് പോയവര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് എസ്ഐടി നോട്ടീസ് നല്‍കി.
ശ്യാംകാനു മഹന്തയ്ക്കും സിദ്ധാര്‍ത്ഥ് ശര്‍മ്മയ്ക്കുമെതിരെ ഇന്റര്‍പോള്‍ വഴി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍ 6 നകം സിഐഡിക്ക് മുന്നില്‍ ഹാജരാകണമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.