കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ യുവ ഡോക്‌ടറുടെ കൊലപാതകത്തിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാർ.
തൃണമൂൽ കോൺഗ്രസ് ആദ്യം മുതൽ ഈ സംഭവം മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
'ഡോക്‌ടറുടെ മരണം കൊലപാതകമാണെന്ന് മറച്ചുവയ്‌ക്കാൻ ടിഎംസി ശ്രമിക്കുന്നുവെന്ന് ഞങ്ങൾ കേസിന്‍റെ തുടക്കം മുതൽ പറഞ്ഞിരുന്നു. മാത്രമല്ല ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കുവാനും അവർ ശ്രമിച്ചിരുന്നു.
സംഭവത്തിൽ തെളിവുകൾ നശിപ്പിക്കുവാനും ടിഎംസി ശ്രമിച്ചിരുന്നു. ഓഗസ്‌റ്റ് 9 നാണ് ഡോക്‌ടറുടെ കൊലപാതകം നടന്നത്.
അതേസമയം ഓഗസ്‌റ്റ് 10ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ഈ വിജ്ഞാപനം പുറപ്പെടുവിക്കാനാവില്ല. സംഭവത്തിൽ മമത ബാനർജി രാജിവയ്‌ക്കണം' -സുകാന്ത മജുംദാർ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ആർജി കർ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സംരക്ഷിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്നും മജുംദാർ ആരോപിച്ചു.
മമത ബാനർജി സന്ദീപ് ഘോഷിനെ സംരക്ഷിക്കുകയാണ്. ആർജി കറിലെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്‌തിരുന്നു. ശേഷം അദ്ദേഹത്തെ നാഷണൽ മെഡിക്കൽ കോളജിലേക്ക് അയച്ചു.
എന്നാൽ നാഷണൽ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിച്ചില്ല. ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട വ്യക്തിയെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും സുകാന്ത മജുംദാർ പറഞ്ഞു.