സുക്മ: ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി സ്‌ഫോടനത്തില്‍ അഡീഷണല്‍ എസ്പി (എഎസ്പി) ആകാശ് റാവു ഗിര്‍പുഞ്ചേ വീരമൃത്യു വരിച്ചു.
സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിഒപി) ഭാനുപ്രതാപ് ചന്ദ്രകര്‍, കോണ്ട പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സോണാല്‍ ഗ്വാല എന്നിവരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഫാന്‍ഡിഗുഡയ്ക്ക് സമീപമുള്ള ഒരു ക്രഷര്‍ പ്ലാന്റ് ആക്രമിച്ച് മാവോയിസ്റ്റുകള്‍ ഒരു ബാക്ക്ഹോ ലോഡര്‍ മെഷീന്‍ (ജെസിബി) കത്തിച്ചു. മെഷീനിന് ചുറ്റും മാവോയിസ്റ്റുകള്‍ ഒരു പ്രഷര്‍ ഐഇഡിയും സ്ഥാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച രാവിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ഥലത്തെത്തി.
ഈ ആക്രമണത്തില്‍ എഎസ്പി ആകാശ് റാവുവിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ കോണ്ട ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.
എസ്ഡിഒപി ഭാനുപ്രതാപ് ചന്ദ്രകാര്‍, പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സോണാല്‍ ഗ്വാല ഉള്‍പ്പെടെയുള്ള പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.