സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം 'വലിയ ദുരന്തം'; കൽപ്പന ചൗളയുടെ ജീവനെടുത്ത അതേ വിഭാഗത്തിൽപ്പെടുത്തി നാസ

നാസയുടെ കണക്കനുസരിച്ച് ഏറ്റവും മാരകമായ അപകടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ചലഞ്ചര്‍, കൊളംബിയ ദുരന്തങ്ങള്‍ ഈ വിഭാഗത്തിലായിരുന്നു.

New Update
Untitled

വാഷിംഗ്ടണ്‍: 2024 ജൂണില്‍ എട്ടു ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ദൗത്യം വന്‍ പരാജയമായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ച് നാസ.

Advertisment

ഈ ദൗത്യത്തെ ഏറ്റവും ഗുരുതരമായ 'ടൈപ്പ് എ മിഷാപ്പ്' വിഭാഗത്തിലാണ് നാസ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2003-ല്‍ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പ്പന ചൗളയുടെ മരണത്തിനിടയാക്കിയ കൊളംബിയ ബഹിരാകാശ ദുരന്തത്തിന് നല്‍കിയ അതേ വിഭാഗമാണിത്.


2026 ഫെബ്രുവരി 19-ന് പുറത്തിറക്കിയ 311 പേജുള്ള റിപ്പോര്‍ട്ടില്‍, നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ ഏജന്‍സിയെയും ബോയിംഗ് കമ്പനിയെയും രൂക്ഷമായി വിമര്‍ശിച്ചു. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ദൗത്യവുമായി മുന്നോട്ട് പോയത് വലിയ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാസയുടെ കണക്കനുസരിച്ച് ഏറ്റവും മാരകമായ അപകടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ചലഞ്ചര്‍, കൊളംബിയ ദുരന്തങ്ങള്‍ ഈ വിഭാഗത്തിലായിരുന്നു.

സുനിത വില്യംസും വില്‍മോറും സുരക്ഷിതരായി തിരിച്ചെത്തിയെങ്കിലും, 200 മില്യണ്‍ ഡോളറിലധികം (ഏകദേശം 1600 കോടി രൂപ) സാമ്പത്തിക നഷ്ടം ഉണ്ടായതും വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതും കണക്കിലെടുത്താണ് ഈ തരംതിരിക്കല്‍.


വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം തകരാറിലാവുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തു. അഞ്ച് മിനി-എഞ്ചിനുകള്‍ പ്രവര്‍ത്തനരഹിതമായി. ഇത് സഞ്ചാരികളുടെ ജീവന് വലിയ ഭീഷണിയായിരുന്നു.


2003-ല്‍ കല്‍പ്പന ചൗളയും ആറ് സഹയാത്രികരും കൊല്ലപ്പെട്ട കൊളംബിയ ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ഇവിടെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്നും എന്‍ജിനീയര്‍മാരുടെ സുരക്ഷാ മുന്നറിയിപ്പുകള്‍ മാനേജ്മെന്റ് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായത്. ബോയിംഗ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലും സമാനമായ 'അശ്രദ്ധ' ആവര്‍ത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എട്ടു ദിവസത്തെ യാത്രയ്ക്ക് പകരം ഏതാണ്ട് ഒരു വര്‍ഷത്തോളമാണ് സുനിത വില്യംസും സഹയാത്രികനും ബഹിരാകാശത്ത് കുടുങ്ങിയത്. ഒടുവില്‍ 2025 മാര്‍ച്ചില്‍ സ്പേസ് എക്സ് പേടകത്തിലാണ് ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തിയത്.

Advertisment