/sathyam/media/media_files/2025/08/12/street-dog-2025-08-12-22-35-29.jpg)
ന്യൂഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ മൂലം നിരവധി കുട്ടികള്‍ മരിക്കുന്നുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും തങ്ങളാരും മൃഗവിരോധികളല്ലെന്നും ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ എതിര്‍ക്കാന്‍ കാരണമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരുവുനായ വന്ധ്യംകരണ നടപടികള്‍ നടന്നിട്ടും പ്രത്യുത്പാദനം നിയന്ത്രണ വിധേയമാകുന്നില്ലെന്നും പ്രതിരോധ കുത്തിവെയ്പ് നടത്തിയാലും പേവിഷബാധ അവസാനിക്കുന്നില്ലെന്നും മേത്ത പറഞ്ഞു.
2024-ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായ കടിയേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞവര്‍ഷം 305 പേവിഷബാധ മരണങ്ങള്‍ ഉണ്ടായതായും അദ്ദേഹം കോടതിയില്‍ അറിയിച്ചു.
കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാനുപോലും കഴിയാത്ത സാഹചര്യമാണെന്നും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായകളെ പൂര്‍ണമായും പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു.
ഗുരുതര വിഷയമായതിനാല്‍ കേസ് വിശദമായി പരിഗണിക്കണമെന്നും അതുവരെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി, ഡല്‍ഹിയില്‍ ഈ വര്‍ഷം പേവിഷബാധ മൂലമുള്ള മരണം ഉണ്ടായിട്ടില്ലെന്നും നായ കടിയേറ്റ കേസുകള്‍ ഉണ്ടായെങ്കിലും അതിന്റെ പേരില്‍ ഭീതിദമായ സാഹചര്യം സൃഷ്ടിക്കരുതെന്നും വ്യക്തമാക്കി.
വാദം കേള്‍ക്കുന്നതിനിടെ, മൃഗ ജനന നിയന്ത്രണ നിയമങ്ങളുടെ നടപ്പാക്കലിനെക്കുറിച്ച് സുപ്രീംകോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് ചോദിച്ചു.
നിയമങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായി നടപ്പാക്കാത്തത് പ്രശ്നത്തിന് കാരണമാണെന്നും ഒരു വശത്ത് മനുഷ്യരും മറുവശത്ത് മൃഗങ്ങളും കഷ്ടപ്പെടുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും നഗരത്തിനുപുറത്ത് കൂട്ടിലാക്കണമെന്ന മുന്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് രൂപീകരിച്ച് വിഷയത്തില്‍ പുനഃപരിശോധന നടത്തി.