/sathyam/media/media_files/2026/02/19/untitled-2026-02-19-13-47-25.jpg)
ഡല്‍ഹി: പൊതുഖജനാവിന് വലിയ ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന 'ഉത്തരവാദിത്തമില്ലാത്ത' സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.
വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ്, പല പദ്ധതികളും പ്രഖ്യാപിക്കുന്ന സമയത്തെയും അവയുടെ സാമ്പത്തിക യുക്തിയെയും കോടതി ചോദ്യം ചെയ്തത്.
പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പിന് തൊട്ടുമുമ്പ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 'നേരിട്ട് പണം നല്‍കുന്ന ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ ആളുകള്‍ പിന്നെ ജോലി ചെയ്യാന്‍ തയ്യാറാകുമോ?' എന്ന് കോടതി ചോദിച്ചു.
വൈദ്യുതി നിരക്കിലോ ബജറ്റിലോ യാതൊരു മുന്‍കൂര്‍ ആലോചനയുമില്ലാതെ, അവസാന നിമിഷം സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചത് എന്തിനാണെന്ന് തമിഴ്നാട് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഇത് വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം സംസ്ഥാനങ്ങളും നിലവില്‍ റവന്യൂ കമ്മിയിലാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെ വലിയ സബ്സിഡി വാഗ്ദാനങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
വൈദ്യുതി ബില്ല് അടയ്ക്കാന്‍ ശേഷിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ സൗജന്യങ്ങള്‍ നല്‍കുന്നത് ശരിയായ നയമല്ല. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെങ്കിലും, വിവേചനമില്ലാതെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് വെറും പ്രീണന രാഷ്ട്രീയമാണെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ച്ലോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് തമിഴ്നാടിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇന്ത്യയിലുടനീളം കണ്ടുവരുന്ന തെറ്റായ പ്രവണതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us