ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും ജഡ്ജിമാരെ നിയോഗിക്കാൻ സുപ്രീം കോടതിയുടെ അനുമതി

കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള സിവില്‍ ജഡ്ജിമാരെയും (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയമുള്ളവര്‍) വോട്ടര്‍പട്ടിക പരിശോധനയ്ക്കായി നിയോഗിക്കാം.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാളിലെ വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി.

Advertisment

പട്ടികയിലെ 50 ലക്ഷത്തോളം വരുന്ന പരാതികളും അവകാശവാദങ്ങളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി അയല്‍ സംസ്ഥാനങ്ങളായ ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് ജഡ്ജിമാരെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കി.


കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള സിവില്‍ ജഡ്ജിമാരെയും (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയമുള്ളവര്‍) വോട്ടര്‍പട്ടിക പരിശോധനയ്ക്കായി നിയോഗിക്കാം. 50 ലക്ഷം കേസുകള്‍ പരിശോധിച്ചു തീര്‍ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ 80 ദിവസമെങ്കിലും വേണ്ടിവരുമെന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.


ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ സര്‍വീസിലുള്ളതോ വിരമിച്ചതോ ആയ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനം തേടാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബംഗാളി ഭാഷ മനസ്സിലാകില്ലെന്ന ഹര്‍ജിക്കാരുടെ വാദത്തെ, ചരിത്രപരമായി ഈ സംസ്ഥാനങ്ങള്‍ ബംഗാളിന്റെ ഭാഗമായിരുന്നെന്നും പ്രാദേശിക ഭാഷയുമായി അവര്‍ക്ക് പരിചിതമുണ്ടാകുമെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി തള്ളി.

ഫെബ്രുവരി 28-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി അനുമതി നല്‍കി. പരിശോധനകള്‍ തുടരുന്നതിനനുസരിച്ച് അനുബന്ധ പട്ടികകള്‍ പുറത്തിറക്കാം.

ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 28-ന് ശേഷമുള്ള അനുബന്ധ പട്ടികയില്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാരെയും അന്തിമ പട്ടികയുടെ ഭാഗമായി തന്നെ കണക്കാക്കും.


ആധാര്‍ കാര്‍ഡ്, മാധ്യമിക് (പത്താം ക്ലാസ്) അഡ്മിറ്റ് കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം. വോട്ടര്‍പട്ടികയുടെ പവിത്രതയും ജനാധിപത്യപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു.


തിരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള 'വിശ്വാസക്കമ്മി'യും ആരോപണപ്രത്യാരോപണങ്ങളും നിര്‍ഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു.

വോട്ടര്‍പട്ടികയിലെ രേഖകളില്‍ കാണുന്ന പൊരുത്തക്കേടുകള്‍ (ഉദാഹരണത്തിന് മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസത്തിലെ അസ്വാഭാവികത) പരിഹരിക്കാനാണ് പ്രത്യേക പരിശോധന നടത്തുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ അനുബന്ധ പട്ടികകള്‍ പ്രസിദ്ധീകരിക്കുന്നത് തുടരാം.

Advertisment