ശിക്ഷാ കാഠിന്യത്തിലല്ല, അന്തസ്സ് വീണ്ടെടുക്കുന്നതിലാണ് ജനാധിപത്യത്തിന്റെ കരുത്ത്: സുപ്രീം കോടതി

ഓപ്പണ്‍ ജയിലുകള്‍ കേവലം ലേബര്‍ ക്യാമ്പുകളോ അധികൃതരുടെ സൗകര്യത്തിനുള്ള ഇടങ്ങളോ ആയി മാറരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

New Update
Untitled

ഡല്‍ഹി: ഒരു ഭരണഘടനാ ജനാധിപത്യത്തിന്റെ ശാശ്വതമായ കരുത്ത് ശിക്ഷകളുടെ കാഠിന്യത്തിലല്ല, മറിച്ച് നിയമം ലംഘിച്ചവര്‍ക്ക് പോലും അന്തസ്സും പ്രതീക്ഷയും അവസരങ്ങളും തിരിച്ചുനല്‍കാനുള്ള പ്രതിബദ്ധതയിലാണെന്ന് സുപ്രീം കോടതി.

Advertisment

രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനും 'ഓപ്പണ്‍ ജയിലുകളുടെ' പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നല്‍കിയ സുപ്രധാന വിധിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് 138 പേജുള്ള വിധി പുറപ്പെടുവിച്ചത്. ജയിലില്‍ അടയ്ക്കപ്പെടുന്നതോടെ ഒരാളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.


'തടവുകാരെ മാനുഷികമായും നീതിയുക്തമായും പരിഗണിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വിശ്വാസം, ഉത്തരവാദിത്തം, പരിമിതമായ സ്വാതന്ത്ര്യം എന്നിവയിലൂടെ മാത്രമേ അര്‍ത്ഥവത്തായ പരിഷ്‌കരണം സാധ്യമാകൂ എന്ന് ഓപ്പണ്‍ ജയിലുകള്‍ തെളിയിക്കുന്നു,' വിധിയില്‍ ജസ്റ്റിസ് മേത്ത വ്യക്തമാക്കി.


ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2023ലെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജയിലുകളിലെ അതീവ ഗുരുതരമായ സാഹചര്യം കോടതി ചൂണ്ടിക്കാട്ടി.  രാജ്യത്തെ ജയിലുകളില്‍ ശരാശരി 120.8% തടവുകാരുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ ഇത് 150 ശതമാനത്തിന് മുകളിലാണ്.

ഈ തിരക്ക് തടവുകാരുടെ ആരോഗ്യത്തെയും സുരക്ഷയെയും പുനരധിവാസത്തെയും ബാധിക്കുന്നു. ഓപ്പണ്‍ ജയിലുകളിലെ ഒഴിവുകള്‍ നികത്തുന്നതിനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കോടതി ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഓപ്പണ്‍ ജയിലുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മൂന്ന് മാസത്തിനകം ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കണം. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഒഴിവുകള്‍ നികത്തുകയും വേണം.


ഓപ്പണ്‍ ജയിലുകളുടെ ഭരണവും മാനദണ്ഡങ്ങളും ഏകീകരിക്കുന്നതിനായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു.  ഓപ്പണ്‍ ജയിലുകളില്‍ വനിതാ തടവുകാരുടെ എണ്ണം വളരെ കുറവാണെന്ന് കോടതി നിരീക്ഷിച്ചു. അവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കണം.


ഓപ്പണ്‍ ജയിലുകള്‍ കേവലം ലേബര്‍ ക്യാമ്പുകളോ അധികൃതരുടെ സൗകര്യത്തിനുള്ള ഇടങ്ങളോ ആയി മാറരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

പകല്‍ സമയം പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരം തിരികെ വരാനും തടവുകാരെ അനുവദിക്കുന്നവയാണ് ഓപ്പണ്‍ ജയിലുകള്‍. ഇത് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ വരാന്‍ സഹായിക്കുമെന്ന് കോടതി വിലയിരുത്തി.

Advertisment