/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
ന്യൂഡല്‍ഹി: ഉത്സവകാലങ്ങളിലും പ്രധാന ആഘോഷ വേളകളിലും വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി.
കുംഭമേളയുടെയും മറ്റ് ഉത്സവങ്ങളുടെയും മറവില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയില്‍ സുപ്രീംകോടതി ഇടപെടുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുംഭമേളയുടെ സമയത്ത് പ്രയാഗ്‌രാജ്, ജോധ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്ക് സാധാരണയേക്കാള്‍ മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു.
കുംഭമേളയില്‍ മാത്രമല്ല, എല്ലാ പ്രധാന ഉത്സവങ്ങളിലും വിമാനക്കമ്പനികള്‍ ഇത്തരത്തില്‍ നിരക്ക് ഉയര്‍ത്തുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ഡിജിസിഎയോടും കോടതി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us