/sathyam/media/media_files/2025/06/05/845RDXHzrGvlP9hHoeSQ.jpg)
ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി. 9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമായി ലൈംഗിക വിദ്യാഭ്യാസം ചുരുക്കാതെ, കുട്ടികൾക്ക് ചെറുപ്പം മുതലേ ഇതേക്കുറിച്ച് അവബോധം നൽകണമെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി പ്രതിയായ ഉത്തർപ്രദേശിലെ ഒരു കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിർണായകമായ നിരീക്ഷണം.
ഈ കേസിൽ, ബാലനീതി ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15-കാരനായ പ്രതിയെ വിട്ടയക്കാൻ കോടതി നിർദേശം നൽകി.
കേസിന്റെ ഭാഗമായി, ഉത്തർപ്രദേശിലെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ടോയെന്ന് കോടതി സത്യവാങ്മൂലം തേടിയിരുന്നു.
9 മുതൽ 12 വരെ ക്ലാസുകളിൽ ഇത് പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. ഇതിന് പിന്നാലെയാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ നൽകേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.