ഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേ എന്ന് സുപ്രീംകോടതി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. രണ്ടു മണിക്ക് നിലപാട് അറിയിക്കണമെന്ന് കോടതി ഇരുകൂട്ടർക്കും നിര്‍ദേശം നല്‍കി.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാവിലെ കോടതി ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ കേസ് കോടതിയില്‍ മെന്‍ഷന്‍ ചെയ്യുകയായിരുന്നു.
ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്നതാണ്. അതിനാല്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു.
സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേ. വിഷയത്തില്‍ കോടതി ഇടപെടൽ അവസാനം മതിയെന്നും കോടതി നിരീക്ഷിച്ചു.
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേന്ദ്രധനമന്ത്രിക്ക് ഒറ്റയടിക്ക് തീരുമാനമെടുക്കാനാകില്ലെന്നും, കേന്ദ്ര ധനവകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.