/sathyam/media/media_files/2025/09/24/asharam-bappu-2025-09-24-14-28-27.jpg)
സൂറത്ത്: ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവിന് ആരതി നടത്തി ആശുപത്രി ജീവനക്കാർ. സൂറത്തിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം.
ആശാറാം ബാപ്പുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ആരതി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്‌പെന്‍ഡ് ചെയ്തു.
16 വയസുള്ള പെണ്‍കുട്ടിയെ അടക്കം രണ്ട് പേരെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചയാളുടെ ഫോട്ടോ വച്ചാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പൂജ നടന്നത്. സൂറത്തിലെ സിവില്‍ ആശുപത്രിയിലെ സ്റ്റെം സെല്‍ ബില്‍ഡിംഗിലാണ് പൂജ നടന്നത്.
നഴ്‌സുമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തെ അപലപിച്ച് ആശുപത്രി ആര്‍എംഒ രംഗത്തെത്തി.
പൂജ നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും മറ്റൊരു ആശുപത്രി ജീവനക്കാരനെയും സസ്‌പെന്‍ഡ് ചെയ്തതായും ആർഎംഒ അറിയിച്ചു. അന്വേഷണത്തിനും ഉത്തരവിട്ടു.
രാജസ്ഥാനിലെ ആശ്രമത്തില്‍ വച്ചാണ് ആശാറാം ബാപ്പു 16കാരിയെ ബലാത്സംഗം ചെയ്തത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ വച്ച് മറ്റൊരു അനുയായിയെ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ ശിക്ഷ അനുഭവിക്കുകയാണ്.