/sathyam/media/media_files/2025/06/27/untitleddelfiresuresh-2025-06-27-16-08-10.jpg)
ബംഗളൂരു: കര്‍ണാടകയില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന കുറ്റത്തില്‍ രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ആദിവാസി യുവാവിന്റെ ഭാര്യയെ ജീവനോടെ കണ്ടെത്തി. തുടര്‍ന്ന്, തന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ 5 കോടി രൂപ നഷ്ടപരിഹാരവും ക്രിമിനല്‍ നടപടിയും ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.
കുശാല്‍നഗര്‍ താലൂക്കിലെ ബസവനഹള്ളിയില്‍ താമസിക്കുന്ന കുരുബര സുരേഷ് എന്ന യുവാവാണ് പരാതിക്കാരന്‍. 2025 ഏപ്രിലില്‍ മൈസൂരിലെ അഞ്ചാമത്തെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി സുരേഷിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി. കര്‍ണാടക ആഭ്യന്തര വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും, തുക തൃപ്തികരമല്ലെന്ന് കാണിച്ച് സുരേഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ പ്രകാശ് ബിജി, അഡീഷണല്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ് യട്ടിമണി, മഹേഷ് ബികെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സോമശേഖര എന്നിവരെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കല്‍, അധികാര ദുരുപയോഗം, നിയമപരമായ നടപടികള്‍ പാലിക്കാതെ അറസ്റ്റ് എന്നിവയടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്.
2021-ല്‍ ഭാര്യ മല്ലിയെ കാണാതായതിനെ തുടര്‍ന്ന് സുരേഷ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസ് ആരംഭിച്ചത്. 2022-ല്‍ അയല്‍പക്കത്തെ ബെട്ടഡാപുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും, വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാതെ അവ മല്ലിയെയുടേതാണെന്ന് പോലീസ് സംശയിക്കുകയും ചെയ്തു.
ഡിഎന്‍എ പരിശോധനയില്‍ പൊരുത്തം ഇല്ലാതിരുന്നിട്ടും, അവശിഷ്ടങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സുരേഷിനെയും അമ്മയെയും നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.
ഈ അടിസ്ഥാനത്തില്‍ സുരേഷിനെ അറസ്റ്റ് ചെയ്ത്, ഭാര്യയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തുകയായിരുന്നു. കോടതി ഉത്തരവിട്ട ഡിഎന്‍എ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ മല്ലിയെയുടേതല്ലെന്ന് തെളിയുന്നതുവരെ ഏകദേശം 18 മാസം സുരേഷ് കസ്റ്റഡിയില്‍ തുടര്‍ന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
2025 ഏപ്രിലില്‍, മടിക്കേരിയിലെ ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ സുരേഷിന്റെ സുഹൃത്തുക്കള്‍ മല്ലിയെ ജീവനോടെ കണ്ടെത്തി. പിന്നീട് പോലീസ് അവരെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us