ഡല്‍ഹി: കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണ് ആദ്യം നടത്തുകയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
"കേന്ദ്രസഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. എംപിക്ക് എല്ലാ വകുപ്പുകളിലും ഇടപെടാൻ കഴിയും. ഒന്നും പ്രതീക്ഷിക്കുന്നുമില്ല, എന്നെയൊന്ന് സ്വതന്ത്രമായി പറക്കാൻ വിടുമെന്ന് തന്നെയാണ് പ്രതീക്ഷ. മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണ്. ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തി," സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി. "ഇങ്ങോട്ട് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതി. ഞാൻ നിലകൊള്ളുന്നത് കേരളത്തിന് വേണ്ടിയും തമിഴ്നാടിന് വേണ്ടിയുമാണ്.
ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം ഇരട്ടി സന്തോഷം ആണോ എന്ന ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. ജോലി കുറച്ചു കുറയുമല്ലോ എന്നായിരുന്നു മറുപടി.