തിമിര ശസ്ത്രക്രിയ പാളി; ഒമ്പത് പേർക്ക് കാഴ്ച നഷ്ടമായി, ആശുപത്രി അധികൃതർ പൂട്ടി സീൽ ചെയ്തു

ഫെബ്രുവരി 1-ന് 'ന്യൂ രാജേഷ് ഹൈടെക് ഹോസ്പിറ്റലില്‍' നടന്ന നേത്രചികിത്സാ ക്യാമ്പിലാണ് ദുരന്തത്തിന് കാരണമായ ശസ്ത്രക്രിയകള്‍ നടന്നത്.

New Update
Untitled

ഖൊരക്പൂര്‍: ഉത്തര്‍പ്രദേശിലെ ഖൊരക്പൂരില്‍ സ്വകാര്യ ആശുപത്രിയില്‍ നടന്ന തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഒമ്പത് രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.

Advertisment

ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണിനുണ്ടായ ഗുരുതരമായ അണുബാധയെത്തുടര്‍ന്നാണ് ദുരന്തം. സംഭവത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൂട്ടി സീല്‍ ചെയ്യുകയും മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഫെബ്രുവരി 1-ന് 'ന്യൂ രാജേഷ് ഹൈടെക് ഹോസ്പിറ്റലില്‍' നടന്ന നേത്രചികിത്സാ ക്യാമ്പിലാണ് ദുരന്തത്തിന് കാരണമായ ശസ്ത്രക്രിയകള്‍ നടന്നത്. അന്ന് ഏകദേശം 30 പേര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു.


ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 18 രോഗികള്‍ക്ക് കണ്ണിന് കടുത്ത വേദനയും നീരും അനുഭവപ്പെട്ടു. ഇവരില്‍ ഒമ്പത് പേരുടെ നില അതീവ ഗുരുതരമാവുകയും കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അണുബാധ പടരാതിരിക്കാന്‍ ഇവരില്‍ പലരുടെയും കണ്ണുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നു.


കണ്ണിനുള്ളില്‍ നിന്ന് രക്തവും പഴുപ്പും വരുന്നത് കണ്ടതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ഡല്‍ഹി, ലഖ്നൗ, വാരണാസി എന്നിവിടങ്ങളിലെ വിദഗ്ദ്ധ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും പലരുടെയും കാഴ്ച തിരികെ നേടാനായില്ല.

സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ ആശുപത്രി സന്ദര്‍ശിക്കുകയും അടിയന്തരമായി പൂട്ടി സീല്‍ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. കുറ്റക്കാരായ ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശസ്ത്രക്രിയ നടന്ന ഓപ്പറേഷന്‍ തിയേറ്ററിലെ ശുചിത്വമില്ലായ്മയാണോ അണുബാധയ്ക്ക് കാരണമെന്ന് പരിശോധിച്ചു വരികയാണ്. ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. 

Advertisment