"മതം എന്തുമാകട്ടെ, അവരെന്റെ അമ്മയാണ്"; മതം മാറിയതിന്റെ പേരില്‍ അമ്മയെ സ്വീകരിക്കാതിരുന്നത് തെറ്റായെന്ന് മകന്‍

2001-ല്‍ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ സുശീലയെ കണ്ടെത്തുകയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു

New Update
Untitled

കൊല്‍ക്കത്ത: 'മതം മാറിയ നിങ്ങളെ എനിക്ക് സ്വീകരിക്കാനാവില്ല' എന്ന് അമ്മയോട് പറഞ്ഞ ഓരോ വാക്കുകളും മദന്‍ ബെസ്രയെ ആ രാത്രി ഉറങ്ങാന്‍ അനുവദിച്ചില്ല.

Advertisment

18 വര്‍ഷത്തെ വിരഹത്തേക്കാള്‍ ഭാരമുള്ളതായിരുന്നു താന്‍ പറഞ്ഞ ആ വാക്കുകളെന്ന് ആ 33-കാരന്‍ ഇന്ന് തിരിച്ചറിയുന്നു. ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ലയിലുള്ള ദാഹുപാഗര്‍ ഗ്രാമത്തിലെ തന്റെ ചെറിയ പലചരക്ക് കടയിലിരുന്ന് മദന്‍ ഇന്ന് പശ്ചാത്തപിക്കുകയാണ്.


ഈ കഥ തുടങ്ങുന്നത് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ദാഹുപാഗര്‍ സ്വദേശിയായ രാജേന്ദ്ര ബെസ്രയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ സുശീല മുര്‍മു ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം ദാരിദ്ര്യവും അയല്‍വാസികളുടെയും ഗ്രാമവാസികളുടെയും ഭാഗത്തുനിന്നുണ്ടായ സാമൂഹിക ബഹിഷ്‌കരണവും സുശീലയെ തളര്‍ത്തി. ഒടുവില്‍ ഗ്രാമം വിടാന്‍ അവര്‍ നിര്‍ബന്ധിതയായി.


2001-ല്‍ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ സുശീലയെ കണ്ടെത്തുകയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ആ അഭയകേന്ദ്രമായിരുന്നു അവരുടെ ലോകം. എന്നാല്‍ മക്കളെ കാണണമെന്ന ആഗ്രഹം അവരില്‍ ബാക്കിയുണ്ടായിരുന്നു.

പശ്ചിമ ബംഗാള്‍ ഹാം റേഡിയോ ക്ലബ്ബിന്റെ ഇടപെടലിലൂടെയാണ് സുശീലയുടെ കുടുംബത്തെ കണ്ടെത്തുന്നത്. ഹാം റേഡിയോ എഡിറ്റര്‍ അംബരീഷ് നാഗ് ബിശ്വാസും സംഘവും ദാഹുപാഗറില്‍ മകന്‍ മദനെ കണ്ടെത്തി അമ്മയുമായി ബന്ധപ്പെടുത്തി. എന്നാല്‍ അമ്മ ക്രിസ്തുമതം ഉപേക്ഷിക്കാതെ അവരെ വീട്ടിലേക്ക് കൂട്ടില്ലെന്നായിരുന്നു മദന്റെ ആദ്യ പ്രതികരണം.

'അമ്മേ, നിങ്ങള്‍ മറ്റൊരു മതം സ്വീകരിച്ചു. എനിക്കെങ്ങനെ നിങ്ങളെ സ്വീകരിക്കാന്‍ കഴിയും?' - മദന്‍ അന്ന് ചോദിച്ച വാക്കുകള്‍.

ഇത് സുശീലയെ തളര്‍ത്തിയെങ്കിലും തന്റെ മതം ഉപേക്ഷിക്കില്ലെന്ന് അവര്‍ ഉറച്ചുപറഞ്ഞു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമുള്ള ഒത്തുചേരല്‍ അനിശ്ചിതത്വത്തിലായി.


എന്നാല്‍ തന്റെ വാക്കുകള്‍ എത്രമാത്രം ക്രൂരമായിരുന്നു എന്ന് മദന്‍ വൈകാതെ തിരിച്ചറിഞ്ഞു. ഈയിടെ മദന്‍ കൊല്‍ക്കത്തയില്‍ പോയി അമ്മയെ കാണുകയും ഒപ്പം കൂട്ടാമെന്ന് വാക്ക് നല്‍കുകയും ചെയ്തിരുന്നു. ആ വാക്കുകള്‍ പാലിക്കാത്തതിലുള്ള കുറ്റബോധം അവനെ വേട്ടയാടി.


'ഞാന്‍ ചെയ്തത് വലിയൊരു തെറ്റാണ്. അവരെന്റെ അമ്മയാണ്. ഏത് മതം പിന്തുടരാനും അവര്‍ക്ക് അവകാശമുണ്ട്.''ഞാന്‍ വൈകാതെ കൊല്‍ക്കത്തയില്‍ പോയി അമ്മയെ വീട്ടിലേക്ക് കൊണ്ടുവരും.'

കൊല്‍ക്കത്തയിലെ അഭയകേന്ദ്രത്തിലിരുന്നുകൊണ്ട് സുശീലയും ഇപ്പോള്‍ പ്രത്യാശയിലാണ്. 'തന്റെ മകന് തന്നെ ഇഷ്ടമാണെന്നും അവന്‍ വിളിക്കാന്‍ വന്നാല്‍ താന്‍ കൂടെപ്പോകുമെന്നും' അവര്‍ പറഞ്ഞു. 

Advertisment