ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അഖ്നൂര്‍ സെക്ടറില്‍ സൈനിക വാഹനത്തിന് നേരെ ഭീകരരെന്ന് സംശയിക്കുന്ന ഒരു സംഘം വെടിയുതിര്‍ത്തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ഭീകരര്‍ക്കായി വന്‍ തിരച്ചില്‍ നടക്കുകയാണ്.
രാവിലെ ഏഴ് മണിയോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേന ഉടന്‍ തന്നെ പ്രദേശം വളഞ്ഞു.
ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് സംഭവം.
ജമ്മു കശ്മീരിലുടനീളം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന ഒന്നിലധികം വെടിവെപ്പില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബര്‍ 24 ന് ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിന് സമീപം സൈനിക വാഹനത്തിന് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തി രണ്ട് സൈനികരും രണ്ട് ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.