ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഗൾ ഭരണാധികാരികളുടെ പേരുകൾ മായ്ച്ചു കളയും: സുവേന്ദു അധികാരി

ബാബറി മസ്ജിദ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും സംസ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരി.

Advertisment

ബാബറി മസ്ജിദ് വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.


ബാബര്‍ ഉള്‍പ്പെടെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ വിദേശ അധിനിവേശക്കാരായിരുന്നുവെന്ന് അധികാരി ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്ക് ഇവര്‍ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.


'ഡാര്‍ജിലിംഗ് മുതല്‍ ദിഘ വരെയും, കൂച്ച് ബെഹാര്‍ മുതല്‍ കക്ദ്വീപ് വരെയും എവിടെയൊക്കെ മുഗള്‍ ഭരണാധികാരികളുടെ പേരുകള്‍ എഴുതിയിട്ടുണ്ടോ, അതൊക്കെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഇല്ലാതാക്കും,' അധികാരി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുര്‍ഷിദാബാദില്‍ 'ബാബറി മസ്ജിദ്' നിര്‍മ്മിക്കുമെന്ന മുന്‍ ടിഎംസി നേതാവ് ഹുമയൂണ്‍ കബീറിന്റെ പ്രസ്താവനയെ അധികാരി വിമര്‍ശിച്ചു. ഹുമയൂണ്‍ കബീറിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മുര്‍ഷിദാബാദിലെ ബെല്‍ദംഗയിലുണ്ടായ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം സുവേന്ദു അധികാരി ആവര്‍ത്തിച്ചു. കലാപകാരികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചെന്നും അദ്ദേഹം ആരോപിച്ചു.


എന്നാല്‍ സുപ്രീം കോടതി സ്റ്റേ അനുവദിക്കാതെ കേസ് ഹൈക്കോടതിയിലേക്ക് വിട്ടത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment