/sathyam/media/media_files/2025/09/26/swami-chaithanyandha-2025-09-26-11-00-46.jpg)
ന്യൂഡൽഹി: ലൈംഗികാതിക്രമകേസിൽ ഡൽഹി പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ കൂടുതൽ ആരോപണങ്ങൾ.
ന്യൂഡൽഹിയിലുള്ള ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിലെ മുൻ ചെയർമാൻ കൂടിയായ ചൈതന്യാനന്ദയ്ക്ക് എതിരേ പോലീസ് തയ്യാറാക്കിയ ആറുപേജുള്ള എഫ്.ഐ.ആറിലാണ് കൂടുതൽ ആരോപണങ്ങളുള്ളത്.
ഹോളി ആഘോഷങ്ങൾക്കിടെ വരിവരിയായി നിർത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികളുടെ കവിളിൽ ആദ്യം നിറം പുരട്ടുന്നത് ചൈതന്യാനന്ദയാണെന്നാണ് പുറത്തുവരുന്ന ആരോപണം.
ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഒരു വനിതയായ അധ്യാപിക വഴിയാണ് വിദ്യാർഥിനികൾ ഇത് ചെയ്യണമെന്ന് ചൈതന്യാനന്ദ ഉത്തരവിറക്കിയതെന്നാണ് സൂചന. വിദ്യാർഥിനിയായ 21-കാരിക്കുനേരെ ചൈതന്യാനന്ദ നടത്തിയ മോശം പരാമർശങ്ങളും എഫ്.ഐ.ആർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
'ബേബി ഐ ലവ് യു, നീ ഇന്ന് അതീവ സുന്ദരിയായിരിക്കുന്നു' എന്നാണ് ചൈതന്യാനന്ദ 21-കാരിയോട് പറഞ്ഞത്. ചുരുണ്ട മുടിയുടെ പേരിൽ വിദ്യാർഥിനിയെ ചൈതന്യാനന്ദ പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തനിക്കെതിരേ പ്രതികരിക്കുന്ന വിദ്യാർഥിനികളുടെ പരീക്ഷ മാർക്ക് കുറയ്ക്കുമെന്നും ചൈതന്യാനന്ദ ഭീഷണിപ്പെടുത്തിയിരുന്നു. 2025 ജൂണിൽ ഋഷികേശിലേക്ക് നടത്തിയ ഒരു ഇൻഡസ്ട്രി വിസിറ്റിനിടെ നിരവധി വിദ്യാർഥിനികളെ ചൈതന്യാനന്ദ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു.
ചൈതന്യാനന്ദ മോശമായി പെരുമാറിയെന്ന കാട്ടിയും ഒരു വിദ്യാർഥിനി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. വഴങ്ങിയില്ലെങ്കിൽ സഹോദരനെ പോലീസിനെ കൊണ്ട് അറസ്റ്റുചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗികമായ ഉപദ്രവം.
തനിക്ക് ഇഷ്ടം തോന്നുന്ന വിദ്യാർഥിനികളുടെ മൊബൈൽ വാങ്ങിവെയ്ക്കലാണ് ചൈതന്യാനന്ദയുടെ രീതി. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഉപകരിക്കുമെന്ന് വാദം നിരത്തിയാണ് മൊബൈൽ വാങ്ങിവെയ്ക്കുന്നത്. കുറച്ചുദിവസങ്ങൾക്കുശേഷം പകരമായി ഒരു പുതിയ മൊബൈൽ വിദ്യാർഥിനിക്ക് നൽകും. ഇതോടെ വിദ്യാർഥിനിയുടെ നിയന്ത്രണം ചൈതന്യാനന്ദയുടെ കീഴിലാകുകയും മറ്റാരോടും വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വിദ്യാർഥിനികൾ എത്തിച്ചേരുകയും ചെയ്യുമെന്നും പോലീസ് പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷനെടുക്കുന്ന സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനാണ് അധികൃതർ ആവശ്യപ്പെടുക. കോഴ്സ് പൂർത്തിയായ ശേഷമേ ഇവ തിരികെ നൽകൂവെന്ന നിബന്ധനയുമുണ്ട്. ഇത് വിദ്യാർഥിനികൾക്കിടയിൽ ആശങ്ക പരത്തിയിരുന്നു.
ചൈതന്യാനന്ദയ്ക്ക് എതിരേ പ്രതികരിക്കുന്നവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകിയില്ലെങ്കിൽ കരിയർ തുലാസിലാകുമോ എന്ന പല വിദ്യാർഥിനികളും ഭയപ്പെട്ടിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം) സ്‌കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികളാണ് ചൈതന്യാനന്ദയ്ക്കുനേരെ പരാതിനൽകിയത്. കേസെടുത്തതിന് ശേഷം ഇയാൾ ഒളിവിലാണ്.
അടിമുടി വ്യാജനായ സ്വാമിയുടെ എം. ഫിൽ ബിരുദവും വ്യാജമാണ്. അതുപോലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചിട്ടുള്ള രാഷ്ട്രീയക്കാർക്കൊപ്പമുള്ള ഫോട്ടോകൾ അദ്ദേഹത്തിന്റെ പ്രിന്റിംഗ് പ്രസ്സിൽ നിന്നും ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
താൻ യു.എൻ അംഗമാണെന്നും ഒരു എംബസിയാണ് തനിക്ക് അത് നൽകിയതെന്നും സ്വാമി അവകാശപ്പെട്ടിരുന്നു. ആരോപണത്തിന് പിന്നാലെ സ്വാമിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.