/sathyam/media/media_files/2025/09/26/swami-chaithanyandha-2025-09-26-11-00-46.jpg)
ന്യൂഡൽഹി:∙ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഫയൽ ചെയ്ത എഫ്ഐആറിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്..
17 ഓളം പെൺകുട്ടികളാണു സ്വാമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈതന്യാനന്ദ സരസ്വതിയ്ക്കെതിരെ കൂടുതൽ പരാതികളും തെളിവുകളും പുറത്തുവന്നിരിക്കുന്നത്.
സുര​ക്ഷയുടെ പേരിൽ പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ശുചിമുറിയുടെ തൊട്ടടുത്ത് പോലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കാണുകയും ചെയ്തിരുന്നു. ഒപ്പം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെ കുറിച്ച് ചോദിച്ചു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെൺകുട്ടികളോട് ചോദിച്ചുവെന്നും പൊലീസ് തയ്യാറാക്കിയ എഫ്ഐആറിൽ ഉണ്ട്.
അതേസമയം, ചൈതന്യാനന്ദ സരസ്വതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടികൾ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയിൽ കണ്ടതായും ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറിയെന്നുപറയുന്നു. ചൈതന്യാനന്ദ പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങൾ തേയ്ക്കുകയും ചെയ്തുവെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെൺകുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു.
എന്നാൽ, ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾക്ക് ഹാജർ നൽകിയിരുന്നില്ലെന്നും, അവരിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കിയിരുന്നുവെന്നുമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.